ഈ ഭക്ഷണങ്ങൾ കഴിക്കാം... കൊളസ്ട്രോൾ കുറയ്ക്കാം
ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്ക് കാരണമാകാം.
ശരീരത്തിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് കൊഴുപ്പ് അഥവാ കൊളസ്ട്രോൾ ഉപയോഗിക്കുന്നത്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ പ്രധാനപ്പെട്ടതാണ്. ആന്‍ഡ്രജന്‍, ഈസ്ട്രജന്‍ എന്നീ ഹോർമോണുകളുടെ ഉല്‍പ്പാദനത്തിനും കൊളസ്ട്രോള്‍ സഹായകമാണ്. വൃക്കകളിലെ കോര്‍ട്ടിസോള്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തിനും കൊളസ്ട്രോള്‍ സഹായിക്കുന്നു. എന്നാൽ, ചീത്ത കൊളസ്ട്രോളായ എൽഡിഎൽ രക്തത്തിൽ അധികമായാൽ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടും. ഇതേ തുടർന്ന് ധമനികളുടെ വ്യാപ്തി കുറയുകയും ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുകയും ചെയ്യുന്നു. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്ക് കാരണമാകാം.
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ എച്ച്‍ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ ശ്രമിക്കും. ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പ് കണികയാണ് വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍. ഇത് വളരെ സാന്ദ്രതകുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ്. ടിജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ ഊര്‍ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിന് അധിക ഊര്‍ജം നല്‍കുന്നു. എല്‍ഡിഎല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകും.
ALSO READ: നല്ല ഉറക്കത്തിന് ബനാന ടീ ശീലമാക്കാം;പ്രമേഹരോഗികൾക്കും ഉത്തമം
എല്‍ഡിഎല്‍, എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. രക്തപരിശോധനയില്‍ ടോട്ടൽ കൊളസ്ട്രോൾ 200mg/dl താഴെയാകുന്നതാണ് ഉത്തമം. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനമാണ് ഭക്ഷണത്തിലൂടെ ഉണ്ടാകുന്നത്. കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ഭക്ഷണത്തിൽ മാറ്റം വരുത്തൽ, വ്യായാമം, ശരീര ഭാരം കുറയ്ക്കൽ തുടങ്ങിയവയാണ് ഡോക്ടര്‍മാർ നിർദേശിക്കുന്ന മാർഗങ്ങൾ. ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ഓട്സും ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്ട്രോളിനെ ചെറുക്കാൻ നല്ലതാണ്. ധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, കാൻഡികൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇവയെല്ലാം ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...