Rambutan Benefits: രുചികരമാണ്, അതിലേറെ ഗുണകരവും; റംബുട്ടാന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം...
തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും വിളർച്ച തടയുന്നതിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്പ്.
ഏറെ രുചികരവും അതിലേറെ ആരോഗ്യ ഗുണങ്ങളും ഉള്ള പഴമാണ് റംബുട്ടാൻ. പോഷകങ്ങളാൽ സമ്പന്നമാണ് ഈ പഴം. കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ നിറഞ്ഞ ഈ പഴം ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും.
പ്രതിരോധശേഷി വർധിപ്പിക്കുകയും, ദഹന പ്രക്രിയ എളുപ്പമാക്കുന്നതും മുതൽ ഹൃദയത്തിന്റെ ആരോഗ്യവും തിളക്കമുള്ള ചർമ്മത്തിനും സഹായിക്കുന്ന പഴമാണ് റംബുട്ടാൻ. ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും റംബൂട്ടാനുണ്ട്. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം, രക്തസമ്മർദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളുടെ ലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും മികച്ചതാണ് റംബൂട്ടാൻ.
തെക്കുകിഴക്കൻ ഏഷ്യയിൽ തദ്ദേശീയമായി വളരുന്ന ഒരു വിദേശ പഴമാണ് റംബുട്ടാൻ (Nephelium lappaceum). കാരണം ഉഷ്ണമേഖല, ഈർപ്പമുള്ള കാലാവസ്ഥ എന്നിവ അവയുടെ വളർച്ചയ്ക്ക് അനുയോജ്യമാണ്. ലിച്ചി, ലോങ്ങൻ എന്നിവയോട് സാദൃശ്യമുള്ളതാണ് റംബൂട്ടാൻ. മലായ് ദ്വീപസമൂഹങ്ങൾ ജന്മദേശമായ ഈ ഫലത്തിന് രോമനിബിഡം എന്നർത്ഥം വരുന്ന റമ്പൂട്ട് എന്ന മലായ് വാക്കിൽ നിന്നാണ് പേര് ലഭിച്ചത്. സാധാരണയായി ഒരു നാരങ്ങയുടെ വലിപ്പമുള്ള ഇവ സാധാരണയായി പച്ചയോ ചുവപ്പോ നിറത്തിലായിരിക്കും.
കേക്ക്, ഐസ്ക്രീം, സ്മൂത്തികൾ, പുഡ്ഡിംഗ് തുടങ്ങിയ ഡെസേർട്ട് വിഭവങ്ങളിൽ റംബുട്ടാൻ ഉപയോഗിക്കാറുണ്ട്. 'പഴങ്ങളിലെ രാജകുമാരി' എന്നും 'ദേവതകളുടെ ഭക്ഷണം' എന്നും റംബൂട്ടാൻ അറിയപ്പെടുന്നു. ജാതി മരം പോലെ ആൺ മരങ്ങളും പെൺ മരങ്ങളും വെവ്വേറെ കാണപ്പെടുന്ന സസ്യമാണിത്. എങ്കിലും വളരെ അപൂർവ്വമായി രണ്ട് പൂക്കളും ഒരു മരത്തിൽ തന്നെ കാണപ്പെടുന്ന ഇനങ്ങളും ഉണ്ട്. പൂർണ്ണമായും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു ഫലവൃക്ഷം കൂടിയാണിത്.
100 ഗ്രാം റംബുട്ടാൻ 73.1 കിലോ കലോറി ഊർജം നൽകുന്നു. 0.6 ഗ്രാം പ്രോട്ടീനുകൾ, 0.1 ഗ്രാം കൊഴുപ്പുകൾ, 6.8 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ, ഉപയോഗപ്രദമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്.
കാൽസ്യം: 8.6 മില്ലിഗ്രാം
സിങ്ക്: 0.5 മില്ലിഗ്രാം
ഇരുമ്പ്: 0.3 മില്ലിഗ്രാം
ഫോളേറ്റ്: 7.3 എംസിജി
മഗ്നീഷ്യം: 21.3 മില്ലിഗ്രാം
ചെമ്പ്: 0.08 മില്ലിഗ്രാം
വിറ്റാമിൻ എ: 0.4 എംസിജി
വിറ്റാമിൻ സി: 65 മില്ലിഗ്രാം
നാരുകൾ: 0.05 ഗ്രാം
ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്ന വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം...
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ഗുണങ്ങളുള്ള വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ വളരെ പോഷകസമൃദ്ധമായ പഴമാണ് റംബുട്ടാൻ. രോഗങ്ങളെ നിയന്ത്രിക്കുക, രോഗകാരികളോട് പോരാടുക, രോഗങ്ങളെ തടയുക, തിളങ്ങുന്ന മുടിയും സുന്ദരമായ ചർമ്മവും റംബൂട്ടാൻ പ്രദാനം ചെയ്യുന്നു.
പ്രതിരോധശേഷി: ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ രോഗകാരികൾക്കെതിരെ പോരാടുന്ന വിവിധ പ്രത്യേക കോശങ്ങളും ടിഷ്യൂകളും ചേർന്നാണ് പ്രതിരോധശേഷി ഉണ്ടാക്കിയെടുക്കുന്നത്. രോഗപ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റാമിൻ സി വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊളാജൻ സിന്തസിസ് വർദ്ധിപ്പിക്കുക, ആന്റിബോഡിയുടെ അളവ് വർദ്ധിപ്പിക്കുക, ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുക എന്നിങ്ങനെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഫലങ്ങളെ പിന്തുണയ്ക്കുന്ന നിരവധി വ്യത്യസ്ത കാര്യങ്ങളും റംബൂട്ടാനിലൂടെ ലഭിക്കുന്നു. റംബുട്ടാനിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
ദഹന പ്രക്രിയ: നാരുകൾ ധാരാളം അടങ്ങിയ ഫലമാണ് റംബൂട്ടാൻ. ഇത് ദഹന പ്രക്രിയ എളുപ്പമാക്കാൻ സഹായിക്കുന്നു. കുടൽ ബാക്ടീരിയകൾക്ക് പോഷകങ്ങൾ നൽകുന്ന പ്രീബയോട്ടിക്സായി ഇത് പ്രവർത്തിക്കുന്നു. ഈ കുടൽ ബാക്ടീരിയകൾ ആരോഗ്യകരമായ ദഹനത്തിന് സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കും: റംബുട്ടാനിൽ അടങ്ങിയിരിക്കുന്ന സമ്പന്നമായ നാരുകൾ ദഹനപ്രക്രിയ എളുപ്പമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. റംബുട്ടാനിൽ ഉയർന്ന അളവിലുള്ള ജലാംശവും കുറഞ്ഞ കലോറിയുമാണുള്ളത്.
ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ: വിറ്റാമിൻ സി, വിറ്റാമിൻ എ, ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം കോശങ്ങൾക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ നൽകുന്നു. ഇവ കോശങ്ങൾക്കുണ്ടാകുന്ന ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കുന്നു. അതിനാൽ ഇവ വാർദ്ധക്യം വൈകിപ്പിക്കുകയും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും അൽഷിമേഴ്‌സ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ വാർദ്ധക്യ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുകയും കോശങ്ങളുടെ ദീർഘായുസ്സ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അണുബാധയെ ചെറുക്കുന്നു: റംബുട്ടാനിൽ ആന്റിമൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇതിൽ ന്യായമായ അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് സൂക്ഷ്മാണുക്കളുടെ, പ്രത്യേകിച്ച് ബാക്ടീരിയകളുടെ വളർച്ചയെ തടയുന്ന ഒരു സാധാരണ ആൻറി ബാക്ടീരിയൽ ഏജന്റാണ്. അതിനാൽ, വിറ്റാമിൻ സിയ്‌ക്കൊപ്പം ഈ മൂലകങ്ങൾ റംബുട്ടാനിന് ഫലപ്രദമായ ആന്റി-മൈക്രോബയൽ ഗുണങ്ങൾ നൽകുന്നു. ഇത് അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കും.
ഹൃദയാരോഗ്യം: റംബുട്ടാനിലെ സമ്പന്നമായ ഭക്ഷണ നാരുകൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ധമനികളെ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ചെമ്പും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ധമനികൾ കട്ടിയാകുന്നത് തടയും. അങ്ങനെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയുന്നു.
ഇരുമ്പ് ആഗിരണം ചെയ്യും: തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും വിളർച്ച തടയുന്നതിനും ആവശ്യമായ ഒരു പ്രധാന പോഷകമാണ് ഇരുമ്പ്. ഇരുമ്പ് ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നു. റംബൂട്ടാൻ കഴിക്കുന്നതിലൂടെ ശരീരത്തിൽ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സാധിക്കും.
ആരോഗ്യമുള്ള ചർമ്മം: റംബുട്ടാനിലെ വിറ്റാമിൻ സി, റൈബോഫ്ലേവിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിനുണ്ടാകുന്ന പാത്തോജനിക് പ്രശ്നങ്ങൾ പരിഹരിക്കുന്നു. പാടുകൾ, മുഖക്കുരു, മുതലായവ നീക്കംചെയ്യുന്നതിന് ആവശ്യമായ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ചെമ്പും സിങ്കും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, റംബുട്ടാൻ കഴിക്കുന്നത് നിങ്ങൾക്ക് ആരോഗ്യകരവും തിളങ്ങുന്നതുമായ ചർമ്മം പ്രദാനം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...