മഴക്കാലം കടുത്ത വേനൽ ചൂടിൽ നിന്ന് ആശ്വാസം നൽകുമെങ്കിലും ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്ന ജലജന്യ രോഗങ്ങളുടെ വ്യാപനത്തിനും കാരണമാകുന്നു. കനത്ത മഴയും ശുചിത്വക്കുറവും മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതാണ് ജലജന്യരോ​ഗങ്ങൾ വ‍ർധിക്കുന്നതിന് കാരണമാകുന്നത്. സുരക്ഷിതവും ആരോഗ്യകരവുമായ മഴക്കാലം ഉറപ്പാക്കുന്നതിന് സാധാരണയായി പകരുന്ന ജലജന്യരോ​ഗങ്ങൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുകയും അവയെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുകയും വേണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെങ്കിപ്പനി: ഈഡിസ് കൊതുകിലൂടെ പകരുന്ന ഡെങ്കിപ്പനി കടുത്ത പനി, സന്ധികളിലും പേശികളിലും കടുത്ത വേദന, ചില സന്ദർഭങ്ങളിൽ രക്തസ്രാവ ലക്ഷണങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. പാത്രങ്ങൾ, പൂച്ചട്ടികൾ, മറ്റ് വെള്ളക്കെട്ടുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഈ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറുന്നു. ഡെങ്കിപ്പനി തടയാൻ, കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക, കൊതുക് വലയോ റിപ്പല്ലന്റുകളോ ഉപയോഗിക്കുക, ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നീ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കാം.


കോളറ: വിബ്രിയോ കോളറ എന്ന ബാക്ടീരിയ കലർന്ന വെള്ളമോ ഭക്ഷണമോ കഴിക്കുന്നത് മൂലമാണ് കോളറ ഉണ്ടാകുന്നത്. കഠിനമായ വയറിളക്കം, ഛർദ്ദി, നിർജ്ജലീകരണം എന്നിവയാണ് കോളറയുടെ ലക്ഷണങ്ങൾ. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ശരിയായ ശുചിത്വം പാലിക്കുക, അസംസ്കൃതമോ വേവിക്കാത്തതോ ആയ സമുദ്രവിഭവങ്ങൾ കഴിക്കാതിരിക്കുക എന്നിവയാണ് കോളറ പിടിപെടാതിരിക്കാൻ ചെയ്യേണ്ട പ്രതിരോധ മാർ​ഗങ്ങൾ.


ടൈഫോയ്ഡ്: സാൽമൊണെല്ല ടൈഫി ബാക്ടീരിയ മൂലമുണ്ടാകുന്ന ടൈഫോയ്ഡ് കടുത്ത പനി, വയറുവേദന, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. മലിനമായ വെള്ളവും ഭക്ഷണവുമാണ് ടൈഫോയ്ഡ്  അണുബാധയുടെ പ്രാഥമിക ഉറവിടങ്ങൾ. ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കുക, കൈകൾ ശുചിത്വമുള്ളതായിരിക്കാൻ ശ്രദ്ധിക്കുക, തെരുവ് ഭക്ഷണം ഒഴിവാക്കുക എന്നിവ ടൈഫോയ്ഡിനെ തടയാൻ സഹായിക്കും.


ALSO READ: Cherry Tomato: ശരീരഭാരം കുറയ്ക്കുന്നത് മുതൽ കാൻസറിനെ ചെറുക്കുന്നത് വരെ.... നിരവധിയാണ് ചെറി തക്കാളിയുടെ ​ഗുണങ്ങൾ


 


ഹെപ്പറ്റൈറ്റിസ് എ: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നു. ഇത് സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും കഴിക്കുന്നതിലൂടെയാണ് പകരുന്നത്. മഞ്ഞപ്പിത്തം, ക്ഷീണം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ. ശുചിത്വത്തോടെ കൈ കഴുകുക, പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക എന്നിവ ഫലപ്രദമായ പ്രതിരോധ മാർഗങ്ങളാണ്.


എലിപ്പനി: ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയയാൽ മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തുന്നത് മൂലമാണ് ലെപ്‌റ്റോസ്‌പൈറോസിസ് അഥവാ എലിപ്പനി ഉണ്ടാകുന്നത്. സാധാരണയായി, ചർമ്മത്തിലെ മുറിവുകളിലൂടെയോ സ്ക്രാച്ചുകളിലൂടെയോ ആണ് എലിപ്പനി പകരുന്നത്. നേരിയ പനിയും പേശിവേദനയും മുതൽ വൃക്കയെയും കരളിനെയും ബാധിക്കുന്ന ഗുരുതരമായ സങ്കീർണതകൾ വരെയാണ് ഈ അണുബാധയുടെ ലക്ഷണങ്ങൾ. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ സംരക്ഷണ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തിൽ മുറിവുകൾ ഉണ്ടെങ്കിൽ മലിനജലവുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.


പ്രതിരോധ നടപടികള്:


വെള്ളം തിളപ്പിക്കുക അല്ലെങ്കിൽ ശുദ്ധീകരിക്കുക: കുടിക്കുന്നതിന് മുമ്പ് എല്ലാ കുടിവെള്ളവും തിളപ്പിച്ച്, ഫിൽട്ടർ ചെയ്യുക.


ശുചിത്വം പാലിക്കുക: സോപ്പും ശുദ്ധജലവും ഉപയോഗിച്ച് പതിവായി കൈകഴുകേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും.


മാലിന്യങ്ങൾ ശരിയായി സംസ്കരിക്കുക: പൊതുസ്ഥലത്തോ തുറസായ സ്ഥലത്തോ ജലസ്രോതസുകളിലോ മാലിന്യം തള്ളുന്നത് ഒഴിവാക്കുക. രോഗം പരത്തുന്ന രോഗവാഹകർക്ക് പ്രജനന കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ശരിയായ മാലിന്യ നിർമാർജന രീതികൾ പാലിക്കുക.


പ്രതിരോധ കുത്തിവയ്പ്പുകൾ: ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് ലഭ്യമായ വാക്സിനുകളെ കുറിച്ച് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി സംസാരിച്ച് മനസ്സിലാക്കുക. ഡോക്ടറുടെ നിർദേശ പ്രകാരം പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുക.



കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക: കൊതുകുനിവാരണ മരുന്നുകൾ ചർമ്മത്തിൽ പുരട്ടുന്നതും നെറ്റ് ഉപയോഗിക്കുന്നതും ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.