Zakir Hussain: തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈനെ ബാധിച്ച രോഗം; ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്താണ്?
Idiopathic pulmonary fibrosis: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു തബല മാന്ത്രികൻ സാക്കിർ ഹുസൈന്റെ മരണം.
തലബ മാന്ത്രികൻ സാക്കിർ ഹുസൈൻ (73) അന്തരിച്ചു. സംഗീതലോകത്തിന് തീരാനഷ്ടമാണ് സാക്കിർ ഹുസൈന്റെ വിയോഗം. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് എന്ന രോഗമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്. ഈ രോഗാവസ്ഥയെക്കുറിച്ച് വിശദമായി അറിയാം.
ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസ് അഥവാ ഐപിഎഫ് ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ്. ശ്വാസകോശത്തിലെ അതിലോലമായ കോശങ്ങളെ ബാധിക്കുന്ന ഗുരുതരമായ അവസ്ഥയാണിത്. ശ്വാസകോശകലകൾ സാധാരണയായി മൃദുവാണ്. ഇതാണ് ശ്വസനം എളുപ്പമാക്കുന്നത്. എന്നാൽ, ഐപിഎഫ് ബാധിക്കുന്ന ആളുടെ ശ്വാസകോശം കഠിനമാകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.
ശ്വാസകോശത്തിൽ പാടുകൾ രൂപപ്പെടുന്നതിനെയാണ് ഫൈബ്രോസിസ് എന്ന് വിളിക്കുന്നത്. ഇത് ഒരിക്കൽ സംഭവിച്ചാൽ കോശങ്ങൾ വീണ്ടെടുക്കപ്പെടില്ല. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെ സംബന്ധിച്ച് കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂടുതലായും 60 വയസിന് ശേഷമാണ് ഐപിഎഫ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.
ALSO READ: തബല മാന്ത്രികൻ വിടവാങ്ങി; ഉസ്താദ് സാകിർ ഹുസൈൻ അന്തരിച്ചു
സ്ത്രീകളേക്കാൾ പുരുഷന്മാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങൾ പ്രധാനമായും ശ്വാസതടസം, വിട്ടുമാറാത്ത വരണ്ട ചുമ, നെഞ്ചിലെ അസ്വസ്ഥത, നെഞ്ച് വേദന, നഖങ്ങളുടെ ആകൃതിയിൽ വരുന്ന വ്യത്യാസം, ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം വേഗത്തിൽ കുറയുന്നത് എന്നിവയാണ്.
ഭൂരിഭാഗം രോഗികളിലും ശ്വാസകോശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതിന് ശേഷമാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. അതിനാൽ പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം ബുദ്ധിമുട്ടാണ്. സന്ധി വേദന, പേശി വേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടായേക്കാം. ഐപിഎഫ് ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും ചില കാര്യങ്ങൾ ഈ ശ്വാസകോശ രോഗത്തിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തൽ.
വൈറൽ അണുബാധകൾ, വായു മലിനീകരണം, പുകവലി എന്നിവ ഇവയിൽ ചില ഘടകങ്ങളാണ്. ഇഡിയൊപതിക് പൾമണറി ഫൈബ്രോസിസിന് നിലവിൽ കൃത്യമായ ചികിത്സ ലഭ്യമായിട്ടില്ല. ഈ രോഗാവസ്ഥയെ നിയന്ത്രിച്ച് നിർത്തുന്നതിന് ചികിത്സ നൽകുന്നു. രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ് ഡോക്ടർമാർ ചികിത്സ നിർദേശിക്കുന്നത്. ഓക്സിജൻ തെറാപ്പിയാണ് കൂടുതലായി ചെയ്യുന്നത്. ഗുരുതരമായ കേസുകളിൽ ശ്വാസകോശം മാറ്റിവയ്ക്കൽ നിർദേശിക്കപ്പെടുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.