ചില്ലറക്കാരനല്ല ഈ കോക്കനട്ട് ആപ്പിള്‍!
പേര് കേട്ടിട്ട്, ആളൊരു പച്ചപരിഷ്കാരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ! നാട്ടുഭാഷയില്‍ `പൊങ്ങ്` എന്ന് വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് കോക്കനട്ട് ആപ്പിള്‍.
വളരെയേറെ പോഷകഗുണങ്ങളുള്ളതും കേരളത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ ലഭിക്കുന്നതുമായ ഒന്നാണ്.
കോക്കനട്ട് ആപ്പിള്‍. പേര് കേട്ടിട്ട്, ആളൊരു പച്ചപരിഷ്കാരി ആണെന്ന് തെറ്റിദ്ധരിക്കല്ലേ! നാട്ടുഭാഷയില്‍ 'പൊങ്ങ്' എന്ന് വിളിക്കുന്ന മുളച്ച തേങ്ങയുടെ ഭാഗമാണ് കോക്കനട്ട് ആപ്പിള്‍.
നന്നായി ഉണങ്ങിയ തേങ്ങ മുളച്ച് വരുമ്പോള്‍ അതിനുള്ളില്‍ കാണുന്ന വെളുത്ത പഞ്ഞിപന്താണ് പൊങ്ങുകള്‍. രുചികരവും മാംസളവുമായ പൊങ്ങ് തേങ്ങയുടെ ഏറ്റവും പോഷകമുള്ള ഭാഗമാണ്. എന്നാല്‍, പൊങ്ങിന്‍റെ പോഷകഗുണങ്ങളും രുചിയും അറിയാതെ പലരും പൊങ്ങ് ഉപയോഗിക്കാതെ അടുക്കളയില്‍ നിന്ന് ഒഴിവാക്കും.
അല്പം പഴക്കമുള്ള തേങ്ങയില്‍ നിന്നും ലഭിക്കുന്ന ഈ പഞ്ഞികേക്കില്‍ വിറ്റാമിന്‍ ബി1, ബി 3, ബി5, ബി6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയര്‍ കഴിക്കുന്നതിനെക്കാള്‍ ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ് കഴിക്കുന്നത്. പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെയും രോഗപ്രതിരോധശക്തിയെ വര്‍ദ്ധിപ്പിക്കും.
ആന്റി ബാക്റ്റീരിയലായും ആന്റി ഫംഗലായും പ്രവര്‍ത്തിക്കുന്ന പൊങ്ങ് ശരീരത്തിലെ ഇന്‍സുലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ പൊങ്ങ് സഹായിക്കും. കൂടാതെ, പൊങ്ങ് ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാദ്ധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും, ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
കട്ട്ലറ്റ്, സലാഡ് തുടങ്ങിയവ ഉണ്ടാക്കാനും പൊങ്ങ് ഉപയോഗിക്കാറുണ്ട്. കൂടാതെ, 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്സിയിലടിച്ച് പാല്‍ പരുവത്തിലെടുത്ത് പഞ്ചസാരയും അല്പം നാരങ്ങനീരും ചേര്‍ത്ത് തണുപ്പിച്ചെടുത്താല്‍ ജ്യൂസായും കുടിക്കാം.