കൊറോണ വൈറസ് രാജ്യമൊട്ടാകെ ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ്. ഓരോദിവസം കഴിയുമ്പോഴും കൊറോണ ബാധയുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണയെക്കുറിച്ച് കേള്‍ക്കുമ്പോഴെ ആളുകൾക്ക് ഇപ്പോള്‍ പേടിയാണ് അതുകൊണ്ടുതന്നെ കൊറോണയില്‍ (covid19) നിന്നും രക്ഷനേടാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല.


ചെറിയൊരു ചുമയോ ജലദോഷമോ ഉണ്ടായാല്‍തന്നെ ആളുകള്‍ക്ക് പേടിയാണ് ഇനി ഇത് കൊറോണ ആണോയെന്ന്‍. ഇത്തരം സന്ദര്‍ഭത്തില്‍ ഭയപ്പെടുന്നതിന് പകരം ആളുകള്‍ മുന്‍കരുതലുകള്‍ വേണം എടുക്കാനെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ ആദ്യ പോസിറ്റീവ് കേസ് ലഭിച്ചപ്പോൾതന്നെ ഇടയ്ക്കിടയ്ക്ക് എല്ലാവരും കൈകള്‍ കഴുകണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിച്ചത്. അതിനായി സാനിറ്റൈസറുകളോ ഹാന്‍ഡ്‌വാഷോ ഉപയോഗിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.


ഇത് കേട്ടപാതി കേള്‍ക്കാത്തപാതി ജനങ്ങള്‍ സാനിറ്റൈസറുകൾ വാങ്ങാന്‍ കടകളിലേയ്ക്ക് ഓടുകയും ചെയ്തു. ഇതിന്‍റെ ഫലമായി കടകളില്‍ സാനിറ്റൈസറുകൾ പെട്ടെന്ന് തീരുകയും അത് ജനങ്ങളില്‍ ഭയം വര്‍ധിക്കാനും കാരണമായി.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല കടകളിലും സാനിറ്റൈസർ ലഭിക്കുന്നില്ല എന്ന കാരണത്താല്‍ ജനങ്ങള്‍ പരിഭ്രാന്തരാണ്. ഈ സാഹചര്യത്തില്‍ സാനിറ്റൈസർ എങ്ങനെ വീട്ടിലുണ്ടാക്കാമെന്ന് വിശദീകരിക്കുകയാണ് ENT സ്പെഷ്യലിസ്റ്റ് ഡോ വിനോദ് ബി നായര്‍.



ഡോ. വിനോദ് ബി നായരുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌:


സാനിറ്റൈസർ വീട്ടിൽ ഉണ്ടാക്കാൻ!


കൊറോണാ ഭീതിയുടെ നിഴലിലാണ് നമ്മുടെ നാട്. കൈ സോപ്പിട്ട് കഴുകുക ആണ് ഏറ്റവും ഉത്തമം. ഇത് 20 സെക്കൻഡ് എങ്കിലും ചെയ്യണം. അതാണ് വളരെ പ്രധാനം.


എന്നാലും സോപ്പും വെള്ളവും കിട്ടാത്ത ഒരു അവസരത്തിൽ ഏറ്റവും മികച്ച അടുത്ത മാർഗം സാനിറ്റെെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയാണ്. സാനിറ്റെെസർ ആണെങ്കിൽ കിട്ടാനുമില്ല. കിട്ടിയാൽ തന്നെ തീപിടിച്ച വിലയും.


അതുകൊണ്ട് നിങ്ങൾക്ക് തൽക്കാലത്തേക്ക് എളുപ്പത്തിൽ അത് ഉണ്ടാക്കുവാനുള്ള ഒരു മാർഗ്ഗം പറയുകയാണ് ഞാൻ. എല്ലാ ലബോറട്ടറി സപ്ലൈസിലും 99% ഐസോ പ്രൊപെെൽ ആൽക്കഹോൾ ഇപ്പോൾ ലഭ്യമാണ്. അതിന് ദൗർലഭ്യം ഉണ്ടായി തുടങ്ങിയിട്ടുണ്ടെങ്കിലും പല കടകളിലും അത് ലഭ്യമാണ്. വിലയും താരതമ്യേന കുറവാണ്. അത് 70% ആക്കി അങ്ങനെ തന്നെ ഉപയോഗിക്കണം. 99% ആണ് കിട്ടുന്നത് എങ്കിൽ അതിനെ 7 ഭാഗം ആൽക്കഹോളും 3 ഭാഗം ശുദ്ധിയായ പച്ചവെള്ളവും ചേർത്ത് കലക്കി എളുപ്പത്തിൽ സാനിറ്റെെസർ ഉണ്ടാക്കാം. 70% താഴെയുള്ള ആൽക്കഹോൾ അംശം വൈയറസുകളെ നശിപ്പിക്കില്ല.


ഇതിനെ ഒരു സ്പ്രേ ബോട്ടിലിലോ അല്ലെങ്കിൽ ഒരു ചെറിയ കുപ്പിയിലോ അടച്ച് നമുക്ക് സാനിറ്റെെസർ ആയി ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് സ്പിരിറ്റ് ആയതുകൊണ്ട് എളുപ്പം ആവിയായി പോകാൻ സാധ്യതയുണ്ട്. നല്ല വണ്ണം അടച്ചുവയ്ക്കണം. ഒരുകാരണവശാലും വായ്ക്കുള്ളിൽ പോകാൻ പാടുള്ളതല്ല. പോയാൽ വിഷമാണ്. പക്ഷേ കൈകൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കാം. യാത്രകളിൽ ഇത് ഉപയോഗപ്പെടും.


വേണ്ട സമയത്ത് മൂന്നുനാല് എംഎൽ കയ്യിൽ എടുത്തിട്ട്, കൈയുടെ എല്ലാഭാഗത്തും ആക്കി, കൈകളിൽ വച്ച് അത് ഉണങ്ങാൻ അനുവദിക്കണം. അതുപോലെതന്നെ നിങ്ങടെ മേശപ്പുറത്തോ കസേരയിലോ, ഫോണിലോ രോഗമുള്ള ഒരാൾ തൊട്ട് എന്ന് സംശയമുണ്ടെങ്കിൽ ആ ഭാഗം ക്ലീൻ ചെയ്യുവാനും ഇതേ സാനിറ്റെെസർ തന്നെ ഉപയോഗിക്കാം.