വെള്ളം കുടിക്കാന്‍ ഓര്‍മ്മപ്പെടുത്തിയില്ലെങ്കിലും എല്ലാവരും ധാരാളം വെള്ളം കുടിക്കുന്ന ഒരു സമയമാണ് വേനല്‍ക്കാലം. ചൂട് മൂലം നല്ല പോലെ ജലം ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്നത് മൂലം ദാഹം ഇക്കാലത്ത് കൂടുതലാകും. അതുകൊണ്ട് സാധാരണ കുടിക്കാറുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം പൊതുവെ എല്ലാവരും കുടിക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വെയിലത്ത് നടന്ന് ക്ഷീണിച്ച് വരുമ്പോള്‍ അല്പം ഇളനീര്‍ കുടിച്ചാല്‍ നിങ്ങളുടെ ദാഹം ശമിക്കുക മാത്രമല്ല ശരീരത്തില്‍ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും ചെയ്യും. ഇനിയുമുണ്ട് ഇളനീരിന്‍റെ ഗുണഗണങ്ങള്‍.  
 
സിങ്ക്, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയവയടങ്ങിയിരിക്കുന്ന ഇളനീര്‍ കുടിക്കുന്നത് ആരോഗ്യത്തിനു ഏറെ നല്ലതാണ്. 


ലോറിക് ആസിഡ് അടങ്ങിയിരിക്കുന്ന ഇളനീര്‍ ശരീരത്തിലെ അപകടകരമായ രോഗാണുക്കളെ നശിപ്പിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.  
 
ശരീരത്തിന് ആവശ്യമായ ജലാംശം നഷ്ടപ്പെട്ടാല്‍  നിർജ്ജലീകരണം സംഭവിക്കുകയും അത് മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. ഇതൊഴിവാക്കാന്‍ ഇളനീര്‍ കുടിക്കുന്നത് നല്ലതാണ്.


നിത്യവും ഇളനീര്‍ കുടിക്കുന്നത് മെറ്റബോളിസത്തെ ഉയര്‍ത്തി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ബയോ ആക്ടീവ് എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അസിഡിറ്റി, വയര്‍ കാളല്‍, വയറെരിച്ചല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയും ചെയ്യുന്നു. 


ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്ന ഇളനീര്‍ കുടിക്കുന്നത് നഷ്ടപ്പെട്ട ഊര്‍ജത്തെ തിരിച്ചെത്തിക്കാന്‍ സഹായിക്കുന്നു.


വയറിളക്കം, ഛര്‍ദ്ദി, അതിസാരം തുടങ്ങി ജലനഷ്ടം ക്രമാതീതമാകുന്ന അവസരങ്ങളില്‍ ഇളനീര്‍ കുടിക്കുന്നത് ഏറെ പ്രയോജനകരമാണ്.