ന്യൂഡൽഹി: രാജ്യത്തെ സജീവ കൊവിഡ് രോ​ഗികളിൽ 0.46 ശതമാനം  പേർ വെന്റിലേറ്ററുകളിലും 2.31 ശതമാനം പേർ തീവ്രപരിചരണ വിഭാ​ഗത്തിലും ചികിത്സയിലാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ഡോ. ഹർഷ വർധൻ അറിയിച്ചു. 4.51 ശതമാനം പേർ ഓക്സിജന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ രോ​ഗമുക്തി നിരക്ക് കുറയുകയാണെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്റെ ദേശീയ-അന്തർദേശീയ സ്ഥിതി​ഗതികൾ മന്ത്രിതലയോ​ഗം വിലയിരുത്തി. കഴി‍ഞ്ഞ ഏഴ് ദിവസമായി 149 ജില്ലകളിലും 14 ദിവസമായി എട്ട് ജില്ലകളിലും 21 ദിവസമായി മൂന്ന് ജില്ലകളിലും 28 ദിവസത്തിനിടയിൽ 63 ജില്ലകളിലും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,91,511 ഡോസ് കൊവിഡ് (Covid) വാക്സിനുകൾ നൽകി. കഴിഞ്ഞ ഒരാഴ്ചക്കിടെ 43 ലക്ഷം വാക്സിനുകളാണ് നൽകിയതെന്നും ഡോ. ഹർഷ വർധൻ വ്യക്തമാക്കി. 98 ലക്ഷത്തിലധികം മുൻനിര തൊഴിലാളികൾക്ക് വാക്സിന്റെ ആദ്യ ഡോസും 45 ലക്ഷത്തിലധികം മുൻനിര തൊഴിലാളികൾക്ക് രണ്ടാം ഡോസും നൽകി. ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്ന 89 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസും 54 ലക്ഷത്തിലധികം പേർക്ക് രണ്ടാം ഡോസും വാക്സിൻ നൽകിയതായും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.


ALSO READ: Covid 19 കേസുകൾ വർധിക്കുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ അനാസ്ഥ - കേന്ദ്ര ആരോ​ഗ്യ മന്ത്രി ഹർഷ വർധൻ


ഇതിനിടെ വാക്സിൻ (Vaccine) ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങളും രം​ഗത്തെത്തിയിരുന്നു. മഹാരാഷ്ട്ര, ഒഡീഷ, ചത്തീസ്​ഗഢ്, ആന്ധ്രപ്രദേശ് എന്നിവയടക്കം ആറ് സംസ്ഥാനങ്ങൾ മരുന്ന് ഇല്ലാത്തതിനാൽ വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടി വരുമെന്നാണ് സംസ്ഥാനങ്ങൾ അറിയിച്ചത്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നും 19 മില്യൺ ഡോസ് വാക്സിൻ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും 24 മില്യൺ ഡോസ് സ്റ്റോക്കുണ്ടെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. അടിയന്തരമായി വാക്സിൻ ലഭ്യമാക്കേണ്ടവർക്ക് ലഭ്യമാക്കാതെ എല്ലാവർക്കും വാക്സിൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ  പരിഭ്രാന്തി പരത്തുകയാണെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വിമർശിച്ചു.


വാക്സിൻ ക്ഷാമമുണ്ടെന്ന സംസ്ഥാനങ്ങളുടെ പരാതിയിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും കേന്ദ്ര സർക്കാരിനെതിരെ രം​ഗത്ത് വന്നിരുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി മറ്റ് രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നത് ന്യായീകരിക്കാനാകില്ല. വാക്സിന്റെ ലഭ്യതക്കുറവ് ​ഗുരുതരമായ കാര്യമാണ്. പക്ഷപാതപരമല്ലാതെ എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ലഭ്യമാക്കണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു.


രണ്ടാം തരം​ഗത്തിൽ രാജ്യത്ത് അതിവേ​ഗമാണ് രോ​ഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. രോ​ഗവ്യാപനം തീവ്രമായ സാഹചര്യത്തിൽ കൂടുതൽ നടപടികളിലേക്ക് സർക്കാർ നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ എയിംസ്, രാജീവ് ​ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവ കൊവിഡിതര ചികിത്സകൾ നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,31,968 പേർക്കാണ് പുതിയതായി രോ​ഗം ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക