ലഖ്നൗ: ഒരാഴ്ചയായി തകര്‍ത്തു പെയ്യുന്ന മഴയില്‍ ദുരിതത്തിലാണ് കിഴക്കന്‍ ഉത്തര്‍പ്രദേശുകാര്‍. ഇവിടെ മിക്കയിടങ്ങളും കനത്ത മഴ കാരണം വെള്ളത്തിനടിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ ബല്ലിയാ ജില്ലയിലെ ജയിലിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന്‍ ഇവിടത്തെ ജയില്‍പുള്ളികളെ മാറ്റിയിരിക്കുകയാണ്. ഇവിടെ നിന്നും 500 ജയില്‍പുള്ളികളെയാണ് മാറ്റിയത്. അതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.


ജയില്‍പുള്ളികളെ അസംഗഢ് ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. ബല്ലിയാ ജില്ലയില്‍ നിന്നും 120 കിലോമീറ്റര്‍ ദൂരയാണ് അസംഗഢ് ജയില്‍ സ്ഥിതിചെയ്യുന്നത്.


350 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ഈ ജയിലില്‍ 950 പേരാണ് ഇപ്പോഴുള്ളത്. താഴ്ന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ബല്ലിയാ ജയിലിലെ കെട്ടിടങ്ങള്‍ മോശം അവസ്ഥയിലായതിനാലാണ് തടവുകാരെ മാറ്റുന്നതെന്നും വെള്ളം കയറുന്നത് പുതിയ കാര്യമല്ലെന്നും അധികൃതര്‍ പറഞ്ഞു. 


ബീഹാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന  ഗംഗാ നദിക്ക് സമീപമാണ് ബല്ലിയാ ജയില്‍ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ നാലു ദിവസമായുള്ള കനത്ത മഴയാണ് ഈ അവസ്ഥയ്ക്ക് കാരണം. കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 93 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.


ഉത്തരേന്ത്യയില്‍ യുപിയില്‍ മാത്രമല്ല ബീഹാറിലും മഴ കനക്കുകയാണ്. ബീഹാറില്‍ 13 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പട്നയില്‍ നാളെവരെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.


മഹാരാഷ്ട്രയിലെ പുനെയിലും മഴ തകര്‍ക്കുകയാണ്. അവിടെയും മരണസംഖ്യ 22 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.