മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ശിവസേന സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ അച്ഛന്‍ ബാല്‍ താക്കറെയ്ക്ക് നല്കിയ വാക്ക് ഓര്‍മ്മപ്പെടുത്തി ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്കാകും, അത് അച്ഛന് കൊടുത്ത വാക്കാണ്, ബാന്ദ്രയില്‍ ശിവസേന കോണ്‍ക്ലേവില്‍ സംസാരിക്കവേ ഉദ്ധവ് താക്കറെ പറഞ്ഞു. 


"അമിത് ഷായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നടന്നുകൊണ്ടിരിക്കുകയാണ്. ചില സീറ്റുകളെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. അത് പരിഹരിക്കും. പാര്‍ട്ടി സ്ഥാപക നേതാവ് ബാല്‍ താക്കറെയുടെ സ്വപ്‌നം ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രിയുണ്ടാവുക എന്നായിരുന്നു",  ഉദ്ധവ് താക്കറെ പറഞ്ഞു. 


ബാല്‍ താക്കറെയുടെ തന്‍റെ അവസാന നാളുകളില്‍ അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അത് താന്‍ പൂര്‍ത്തീകരിക്കുമെന്ന് വാക്ക് നല്‍കിയതാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും ശിവസേനയും തമ്മില്‍ ധാരണയിലെത്തിയിരുന്നില്ല. അവസാന ഘട്ടത്തിലാണ് സഖ്യം അവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്.


2014ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 122 സീറ്റ് ബിജെപി നേടിയിരുന്നു. ശിവസേന 63 സീറ്റും. പിന്നീട് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.


അതേസമയം, സീറ്റ് വിഭജനം ധാരണയിലെത്തും മുന്‍പേ ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ചത് ബിജെപി ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ബിജെപി 144 സീറ്റിലും ശിവസേന 126 സീറ്റിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.