ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം പൂര്‍ണ്ണമായും ലക്ഷ്യംകണ്ടുവെന്ന് വ്യോമസേന മേധാവി ബിരേന്ദർ സിംഗ് ധനോവ.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാലാകോട്ട് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് വ്യോമസേന മേധാവിയുടെ വിശദീകരണം. 


ഒരു പ്രത്യേക ലക്ഷ്യവുമായിട്ടായിരുന്നു ആക്രമണം. അത് സാധിച്ചു. എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കണക്കെടുപ്പ് സേനയുടെ ജോലിയല്ല, അത് സര്‍ക്കാര്‍ വ്യക്തമാക്കും, അദ്ദേഹം പറഞ്ഞു. എത്രപേര്‍ കൊല്ലപ്പെട്ടു എന്നതല്ല തങ്ങളുടെ ലക്ഷ്യം നിറവേറിയോ എന്നാണ് വ്യോമസേന നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, വാര്‍ത്താസമ്മേളനത്തില്‍ മിഗ് വിമാനങ്ങളുടെ കഴിവിനെക്കുറിച്ചും വ്യോമസേനാ മേധാവി നിലപാട് വ്യക്തമാക്കി. ''ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനില്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മള്‍ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണ്.'', ബി എസ് ധനോവ വ്യക്തമാക്കി.


അതേസമയം, ബാലാകോട്ട് പ്രത്യാക്രമണത്തില്‍ 250ല്‍ അധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ അഹമ്മദാബാദിൽ നടന്ന 'ലക്ഷ്യ ജീതോ' എന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ വ്യക്തമാക്കി.