ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിലെത്തും. മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡുവാണ് ഈ കാര്യം സൂചിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ അഞ്ച് ദിവസമായി നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ദമായിരുന്നു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നും പ്രധാമന്ത്രി സഭയിലെത്തി വിശദീകരണം നൽകണമെന്ന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നലെ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ നടത്തിയിരുന്നു. കോണ്‍ഗ്രസ്, സിപിഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി തുടങ്ങി 13 പാര്‍ട്ടികളുടെ എംപിമാരാണ് ഇന്നലെ ധര്‍ണ്ണയില്‍ പങ്കെടുത്തത്. 


നോട്ടുകള്‍ പിന്‍വലിച്ച വിഷയത്തില്‍ ആദ്യം എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന ഇടഞ്ഞു നിന്നിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയും നോട്ട് പിന്‍വലിച്ച നടപടിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച പാര്‍ലമെന്റില്‍ എത്തുകയും അല്‍പ്പസമയം സഭയില്‍ ചിലവഴിക്കുകയും ചെയ്തിരുന്നു.


അതിനിടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്തി സഭയിലെ പ്രതിഷേധം തണുപ്പിക്കുന്നതിന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച ശ്രമങ്ങള്‍ നടന്നിരുന്നു.