Amritpal Singh: അമൃത്പാൽ സിംഗ് ഡൽഹിയിൽ എത്തിയോ? ഖലിസ്ഥാൻ വാദി നേതാവിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Waris Punjab De Chief Amritpal Singh: പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനെ പിടികൂടാൻ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. പഞ്ചാബ് പോലീസ് തിരച്ചിൽ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
വാരിസ് പഞ്ചാബ് ദേ ചീഫ് അമൃത്പാൽ സിംഗ് മാർച്ച് 21ന് ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് സൂചന. തലപ്പാവില്ലാതെ ഡൽഹി നഗരത്തിൽ അമൃത്പാൽ സിംഗ് സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സമീപകാല ദൃശ്യങ്ങളിൽ, വിഘടനവാദി നേതാവ് അമൃത്പാൽ സിംഗ് ജീൻസും ഡെനിം ജാക്കറ്റും ധരിച്ച് മുഖം മാസ്ക് ഉപയോഗിച്ച് മറച്ചതായുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനെ പിടികൂടാൻ വ്യാപക പരിശോധന ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഹരിയാനയിലെ കുരുക്ഷേത്ര വഴിയാണ് അമൃത്പാൽ സിംഗ് ദേശീയ തലസ്ഥാനത്ത് പ്രവേശിച്ചതെന്ന് നിലവിലെ വിവരങ്ങളെ അടിസ്ഥാനമാക്കി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങളെ കുറിച്ചോ അമൃത്പാൽ സിംഗ് ഇപ്പോഴും ഡൽഹിയിലുണ്ടോ അതോ മറ്റെവിടേക്കെങ്കിലും രക്ഷപ്പെട്ടോ എന്നതിനെ കുറിച്ചോ ഡൽഹി പോലീസ് വ്യക്തത വരുത്തിയിട്ടില്ല. അതേസമയം, ഇന്ത്യയുടെ അഭ്യർത്ഥനയെത്തുടർന്ന് അമൃത്പാൽ സിംഗിനെ നേപ്പാൾ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി.
ALSO READ: Chattisgarh: ചത്തീസ്ഗഢിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് പരിക്ക്
നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ അഭ്യർഥനയെ തുടർന്ന് ഇമിഗ്രേഷൻ വകുപ്പ് സിങ്ങിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. "അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് കടന്നിരിക്കാമെന്ന് സംശയിക്കുന്ന (ഇന്ത്യൻ) എംബസിയിൽ നിന്ന് അദ്ദേഹത്തിന്റെ പാസ്‌പോർട്ടിന്റെ പകർപ്പിനൊപ്പം ഒരു രേഖാമൂലമുള്ള കുറിപ്പ് ഞങ്ങൾക്ക് ലഭിച്ചു," ഡിപ്പാർട്ട്‌മെന്റിലെ ഇൻഫർമേഷൻ ഓഫീസർ കമൽ പ്രസാദ് പാണ്ഡെ പറഞ്ഞു. വിഘടനവാദി നേതാവ് നേപ്പാളിൽ ഒളിവിൽ കഴിയുകയാണെന്ന് തിങ്കളാഴ്ച കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. സിംഗ് നേപ്പാളിൽ നിന്ന് പലായനം ചെയ്യാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്ന് സർക്കാർ ഏജൻസികളോട് അഭ്യർഥിച്ച് ശനിയാഴ്ച കോൺസുലർ സേവന വകുപ്പിന് കത്തയച്ചു.
അമൃത്പാൽ സിംഗുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഹോട്ടലുകൾ മുതൽ വിമാനക്കമ്പനികൾ വരെ ബന്ധപ്പെട്ട എല്ലാ ഏജൻസികൾക്കും കൈമാറിയിട്ടുണ്ടെന്നും കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 18 ന് പഞ്ചാബ് പോലീസ് വൻ തിരച്ചിൽ ആരംഭിച്ചതു മുതൽ സിംഗ് ഒളിവിലാണ്. നേപ്പാൾ-ഇന്ത്യ അതിർത്തി പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാൻ ആഭ്യന്തര മന്ത്രി എല്ലാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് നിർദ്ദേശം നൽകിയതെന്നും നേപ്പാൾ-ഇന്ത്യ അതിർത്തി പ്രദേശം രണ്ട് ദിവസത്തേക്ക് 'ഉയർന്ന ജാഗ്രത' അലർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് നേപ്പാളിലെ മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...