ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരം
ഏതൊരു കാലാവസ്ഥയിലും ദിനവും രാത്രിയും നോക്കാതെ ശത്രുക്കളെ നേരിടാനുള്ള കഴിവും ഈ മിസൈലുകൾക്ക് ഉണ്ട്.
ന്യുഡൽഹി: ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി സൈനിക വൃത്തങ്ങൾ അറിയിക്കുകയും അതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 15, 16 തീയതികളിൽ ഒഡീഷയിലെ ബലാസോറിലെ ഐടിആർ കേന്ദ്രത്തിൽ വെച്ചായിരുന്നു ധ്രുവാസ്ത്ര മിസൈലിന്റെ പരീക്ഷണം നടത്തിയത്. ഹെലികോപ്റ്റർ ഉപയോഗിക്കാതെയായിരുന്നു പരീക്ഷണമെന്ന് അധികൃതർ അറിയിച്ചു.
ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് തൊടുക്കാവുന്ന ഹെലിനമിസൈലുകളുടെ വക ഭേദമാണ് ധ്രുവാസ്ത്ര. ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലുകളുടെ മൂന്നാം തലമുറയിൽപ്പെട്ട ധ്രുവാസ്ത്രയ്ക്ക് പരമ്പരാഗത -ആധുനിക കവചങ്ങൾ കൊണ്ട് നിർമ്മിച്ച ടാങ്കുകളെ തകർക്കാനുള്ള ശേഷിയുണ്ട്.
Also read:രാത്രി കാവലിന് വേണ്ടിവന്നാൽ ലേയിൽ നിന്നും MiG-29 പറക്കും..!
മാത്രമല്ല ഏതൊരു കാലാവസ്ഥയിലും ദിനവും രാത്രിയും നോക്കാതെ ശത്രുക്കളെ നേരിടാനുള്ള കഴിവും ഈ മിസൈലുകൾക്ക് ഉണ്ട്. ഈ മിസൈലുകളുടെ പ്രധാന സവിശേഷത എന്ന് പറയുന്നത് സമതലങ്ങളിലും ഉയരം കൂടിയ പ്രദേശങ്ങളിലും ശക്തമായ ആക്രമണം നടത്താൻ സാധിക്കും എന്നതാണ്.
ധ്രുവാസ്ത്ര മിസൈലിന്റെ പ്രഹരശേഷി എന്നുപറയുന്നത് ഏഴ് കിലോമീറ്ററാണ്. ഇതിന് 45 കിലോഗ്രാം ഭാരമാണ് ഉള്ളത്. കൂടാതെ നാല് ഇരട്ട ലോഞ്ചറുകളുടെ സഹായത്തോടെ എട്ടു മിസൈലുകൾ ഹെലികോപ്റ്ററിൽ ഘടിപ്പിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.