പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ ജയില്‍!!
ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി!!
വയനാട്: ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി!!
രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍, 'ജയ് ശ്രീറാം' ദുരുപയോഗം ചെയ്യല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്തത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ജൂലൈ 24നാണ് 49 പ്രമുഖര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.
ബിജെപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പു൦ നല്‍കി.
"ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. ഇത് രഹസ്യമല്ലല്ലോ. സത്യത്തില്‍ ലോകത്തിന് മുഴുവന്‍ അറിയാം ഇവിടെ നടക്കുന്നത് എന്താണെന്ന്. നമ്മള്‍ ഒരു ഏകാധിപത്യരാജ്യമായി മാറുകയാണ്. പ്രധാനമന്ത്രിക്ക് എതിരെ എന്തെങ്കിലും പറയുന്നവരെ ജയിലില്‍ അടയ്ക്കുകയാണ്. മാധ്യമങ്ങളെ ഒതുക്കുകയാണ്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം." രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ ഒരു വശത്ത് ഒരു പാര്‍ട്ടി മാത്രവും ഒരു നേതാവ് മാത്രം മതിയെന്നും കരുതന്നവരാണെന്നും മറുവശത്ത് വ്യത്യസ്‍തമായ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് പോലെയുള്ള പാര്‍ട്ടികളുണ്ടെന്നും മറ്റൊരു ചോദ്യത്തിന് പ്രതികരണമായി രാഹുല്‍ പറഞ്ഞു.
അതേസമയം, ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്നം, അനുരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, രേവതി, അപര്‍ണ സെന്‍ എന്നിവരടക്കമുള്ള സിനിമ പ്രവര്‍ത്തകര്‍, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, സാമൂഹ്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍ തുടങ്ങി 49 പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ ഒപ്പിട്ടിരുന്നു.
ബീഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയുടേതാണ് ഉത്തരവ്. അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണു പരാതിക്കാരന്‍. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്‍റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നുമാണ് പരാതിക്കാരന്‍ സുധീര്‍ കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
എന്നാല്‍, രാജ്യത്തിന്‍റെ വൈവിധ്യം സംരക്ഷിക്കണമെന്നും ജയ് ശ്രീറാം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നുമാണ് അവര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഖേദവും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
ഭരണകക്ഷിയെ വിമര്‍ശിക്കുന്നത് രാജ്യത്തെ വിമര്‍ശിക്കുന്നതിന് തുല്യമല്ല. ഒരു ഭരണകക്ഷി രാജ്യത്തിന്‍റെ പര്യായമല്ല. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. അതിനാല്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളെ ദേശവിരുദ്ധ നിലപാടുകളായി മുദ്ര കുത്തരുത്. ശക്തമായ രാജ്യം നിലനില്‍ക്കണമെങ്കില്‍ പ്രതിഷേധവും വിമത ശബ്ദങ്ങളും ആവശ്യമാണ്. ഇന്ത്യയുടെ കരുത്തായ വൈവിധ്യത്തെ ഇല്ലാതാക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന അത്തരം നടപടികള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.