ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ജവാനും പ്രദേശവാസിയുമാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റംസാനില്‍ കശ്മീരില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ ഭീകരാക്രമണമാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുല്‍വാമയിലെ കാകപോറയിലുള്ള രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ജവാനും പ്രദേശവാസിക്കും വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


കൊല്ലപ്പെട്ട പ്രദേശവാസിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിലാല്‍ അഹമ്മദ് എന്നാണ് ഇയാളുടെ പേരെന്നാണ് വിവരം. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.


അതേസമയം ഷോപിയാന്‍ ജില്ലയില്‍ ഐഇഡി സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സുഗന്‍, ചില്ലിപ്പോറ ഏരിയിലാണ് സംഭവം. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.