ന്യൂഡല്‍ഹി:  ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ മെലാനിയ എത്തുന്നതും കാത്തിരിക്കുകയാണ് ഇന്ത്യ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഒഴിവാക്കിയതായി ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും ക്ഷണമില്ല. ഇരുവരെയും കേന്ദ്രസര്‍ക്കാര്‍ മന:പൂര്‍വ്വം ഒഴിവാക്കിയെന്നാണ് ആപ് ആരോപിക്കുന്നത്.


മെലാനിയ ട്രംപിന്‍റെ സന്ദര്‍ശനവേളയിൽ ഉണ്ടാകേണ്ട നേതാക്കളുടെ പട്ടികയിൽ നിന്ന് കെജ്രിവാളിന്‍റെയും മനീഷ് സിസോദിയയുടെയും പേരുകള്‍ വെട്ടിമാറ്റിയതായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.


ഡൽഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ആവിഷ്കരിച്ച ഹാപ്പിനസ് കരിക്കുലം പദ്ധതിയുടെ ഭാഗമായുള്ള ക്ലാസില്‍ പങ്കെടുക്കാനാണ് മെലാനിയ ഡല്‍ഹി സ്കൂളിലെത്തുന്നത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് പദ്ധതിയിലുള്ളത്.


ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ സമയം ചെലവഴിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്.


ഫെബ്രുവരി 24ന് അഹമ്മദാബാദിൽ വിമാനമിറങ്ങുന്ന ട്രംപും മെലാനിയയും തുടര്‍ന്ന് ആഗ്രയിലും ഡൽഹിയിലും എത്തും.


ഹാപ്പിനസ് കരിക്കുലം...


കുട്ടികള്‍ക്ക് ധ്യാനത്തിനും കഥകള്‍ പറയുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമായി 45 മിനിട്ടോളം മാറ്റി വെക്കുന്ന പദ്ധതിയാണ് ഹാപ്പിനസ് കരിക്കുലം.


ഒരു ടീച്ചറുടെ മേൽനോട്ടത്തിലാണ് സെഷൻ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ പരിപാടി ന്യൂയോര്‍ക്കിലെ ഒരു സ്കൂള്‍ ടീച്ചറുടെ ശ്രദ്ധയിൽപ്പെടുകയും തുടര്‍ന്ന് അവര്‍ ഡൽഹിയിലെ ഒരു സ്കൂള്‍ ടീച്ചറുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ ചില സ്കൂളുകളിൽ സമാനമായ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തിരുന്നു.


ഡൽഹി സ്കൂളുകളിലെ ഹാപ്പിനസ് ക്ലാസുകള്‍ ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നും ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസസംബന്ധമായ കോൺഫറൻസുകള്‍ക്കായി ലോകത്ത് എവിടെ ചെന്നാലും ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം ലഭിക്കാറുണ്ടെന്നുമാണ് ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.


പരിപാടി ലോകശ്രദ്ധയാകര്‍ഷിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുെയും യുഎഇയിലെയും വിദ്യാഭ്യാസമന്ത്രിമാരും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി ഹാപ്പിനസ് ക്ലാസിൽ പങ്കെടുത്തിരുന്നു.