ആസാറാമിന്‍റെ വിധി ഇന്ന്; പ്രാർത്ഥനാ നിരതരായി ഭക്തര്‍
ആസാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ ഇന്ന് വിധി പുറത്തു വരാനിരിക്കെ ഭക്തര്‍ നിരന്തര പ്രാർത്ഥനയിലാണ്. തങ്ങളുടെ ദൈവം നിയമ കുരുക്കില്‍ നിന്നും രക്ഷപെട്ട് മോചിതനാവുന്നതും പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് ആസാറാമിന്‍റെ ആശ്രമത്തില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.
ജോധ്പുർ: ആസാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസിൽ ഇന്ന് വിധി പുറത്തു വരാനിരിക്കെ ഭക്തര്‍ നിരന്തര പ്രാർത്ഥനയിലാണ്. തങ്ങളുടെ ദൈവം നിയമ കുരുക്കില്‍ നിന്നും രക്ഷപെട്ട് മോചിതനാവുന്നതും പ്രതീക്ഷിച്ച് ലക്ഷക്കണക്കിന് ഭക്തരാണ് ആസാറാമിന്‍റെ ആശ്രമത്തില്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.
ആശ്രമങ്ങളെന്ന പേരിൽ രാജ്യത്ത് 400 കേന്ദ്രങ്ങൾ ആസാറാമിനുണ്ട്. ന്യൂഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബാപ്പുവിന്‍റെ ആശ്രമത്തില്‍ രാവിലെ തന്നെ ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന കൂടാതെ രാജ്യ തലസ്ഥാനത്തും ബാപ്പുവിന് ലക്ഷക്കണക്കിന് അനുയായികളാണ് ഉള്ളത്.
അതേസമയം ആസാറാം ബാപ്പുവുമായി ബന്ധപ്പെട്ട എല്ലാ സ്ഥലത്തും വന്‍ സുരക്ഷയാണ് കേന്ദ്ര സര്‍ക്കാരിന്‍റ നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേര സച്ച സംഭവം മുന്നില്‍ കണ്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ നീക്കം.
എസ് സി/എസ് ടി പ്രത്യേക കോടതിയാണ് ഈ കേസില്‍ വിധി പറയുക. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശ പ്രകാരം ജോധ്പുർ സെൻട്രൽ ജയിൽ പരിസരത്ത് പ്രത്യേക വിചാരണ കോടതി സ്ഥാപിച്ചാണ് വിധി പറയുക.
രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആസാറാം ബാപ്പുവിന്‍റെ പേരിലുള്ളത്. ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പതിനാറുകാരി തന്നെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് 2013 ആഗസ്റ്റ് 20ന് പൊലീസില്‍ പരാതി നല്‍കി. ഈ കേസ് നടന്നുകൊണ്ടിരിക്കേ അഹമ്മദാബാദിനടുത്തുള്ള ആശ്രമത്തില്‍ ആസാറാം ബാപ്പുവും മകന്‍ നാരായണന്‍ സായിയും പീഡിപ്പിച്ചെന്നാരോപിച്ച് സൂറത്ത് നിവാസികളായ രണ്ട് സഹോദരികള്‍ രംഗത്തുവന്നു. ഇതേതുടര്‍ന്ന് നാരായണ്‍ സായിയും പൊലീസ് പിടിയിലാവുകയായിരുന്നു.