ന്യൂഡല്‍ഹി: അയോധ്യ കേസ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് പരിഗണിക്കും. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വക്കഫ് ബോര്‍ഡിന്റെ ഉള്‍പ്പടെ 16 ഹര്‍ജികളാണ് കോടതിയിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതാണ് ഭരണഘടനാബെഞ്ച്. 


മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരെ ഒഴിവാക്കി കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് ഭരണ ഘടന ബഞ്ച് രൂപീകരിച്ചത്.


കേസ് വേഗത്തില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ആവശ്യപ്പെട്ടേക്കും. സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. കേസില്‍ വാദം കേള്‍ക്കല്‍ തിയതി ഉള്‍പ്പടെയുള്ള കാര്യങ്ങളാകും ഇന്ന് കോടതി തീരുമാനിക്കുക.