ന്യൂഡൽഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി നീക്കം. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂറും ബിജെപി എംഎല്‍എമാരും ഇന്ന് രാവിലെ ഗവര്‍ണറെ കണ്ടു. നിയമസഭയില്‍ സുഖ്വീന്ദര്‍ സിംഗ് സുഖു നയിക്കുന്ന സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന ആരോപണം ഉയര്‍ത്തിയതിന് പിന്നാലെയാണ് ബിജെപി എംഎല്‍എമാരുടെ സംഘം ഗവര്‍ണറെ കണ്ടിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. 68 അംഗ നിയമസഭയില്‍ 40 എംഎല്‍എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ബിജെപിയ്ക്ക് 25 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉണ്ടായിരുന്നതെന്നിരിക്കെ കോണ്‍ഗ്രസ് അനായാസ വിജയം ഉറപ്പിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഹര്‍ഷ് മഹാജനായിരുന്നു ബിജെപി സ്ഥാനാർത്ഥി. രാജ്യസഭ തിരഞ്ഞെടുപ്പിൽ വിജയിക്കാന്‍ 35 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. 


ALSO READ: കേരളം രണ്ടക്ക സീറ്റ് ബിജെപിക്ക് നൽകണം; ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി


ഒരേയൊരു രാജ്യസഭ സീറ്റിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയ്ക്ക് 34 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. 6 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും കൂറുമാറി ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുകയായിരുന്നു. രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും 34 അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ നറുക്കെടുപ്പിലേയ്ക്ക് നീങ്ങി. നറുക്കെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. 


തിരഞ്ഞെടുപ്പിന് പിന്നാലെ സുഖ്വിന്ദര്‍ സിംഗ് സുഖു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂര്‍ ആരോപിച്ചു. സുഖു സര്‍ക്കാരില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്ന് രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ഹർഷ് മഹാജന്‍ പ്രതികരിച്ചു. എല്ലാ നല്ല നേതാക്കളും ബിജെപിയില്‍ ചേരുന്നത് ഇതിന് ഉദാഹരണമാണെന്നും ഈ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷമില്ലെന്നും അധികനാള്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം, നിയമസഭയില്‍ ബജറ്റിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്നാണ് ബിജെപിയുടെ ആവശ്യം. നാളെ നടക്കുന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴും. ഇതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്ത് തന്ത്രം പുറത്തെടുക്കുമെന്നാണ് ഇനി അറിയാനുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.