Crime News: സുഹൃത്തിനെ കൊന്ന് സ്വന്തം മരണമാക്കി മാറ്റി വ്യവസായി; ക്രൂരത 4 കോടി ഇന്‍ഷുറന്‍സ് തുകയ്ക്കായി
Man killed his friend and turned it into his own death: ഭാര്യ നല്കിയ പരാതിക്കു പിന്നാലെ അന്വേഷിച്ചപ്പോഴാണ് കൊലപാതകം പുറത്തു വന്നത്.
ചണ്ഡിഗഢ്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി കൊലപ്പെടുത്തി സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. ബിസ്സിനസ്സിൽ നഷ്ടം വന്ന ഇയാൾ നാല് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പണം ലഭിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ചയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യവസായി ഗുര്‍പ്രീത് സിങ്, ഭാര്യ ഖുശ്ദീപ് കൗര്‍ എന്നിവരുള്‍പ്പെടെ ആറു പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പിടിയിലായ മറ്റ് നാല് പേർ സുഖ്‌വീന്ദർ സിങ് സംഘ, ജസ്പാൽ സിങ്, ദിനേഷ് കുമാർ, രാജേഷ് കുമാർ എന്നിവരാണ്. ഗുര്‍പ്രീതിന്റെ സുഹൃത്ത് സുഖ്ജിത്തിനെയാണ് സംഘം കൊലപ്പെടുത്തിയത്.
സുഖ്ജിത്തിനെ കാണാനില്ലെന്ന് പറഞ്ഞ് ജൂണ്‍ 19 ന് അദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ നടന്ന അന്വേഷണത്തിൽ പട്യാല റോഡിലുള്ള ഒരു കനാലിന് സമീപം സുഖ്ജിത്തിന്റെ ഇരുചക്രവാഹനവും ചെരിപ്പും കണ്ടെത്തി. സുഖ്ജിത്ത് ആത്മഹത്യ ചെയ്തതാണ് എന്നായിരുന്നു ആദ്യം സംശയിച്ചത്. എന്നാൽ അതിനിടെയാണ് ഗുര്‍പ്രീത് ഭർത്താവിന് സ്ഥിരമായി മദ്യം വാങ്ങി നല്‍കിയിരുന്നുവെന്ന് സുഖ്ജിത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഗുര്‍പ്രീതിന്റെ വീട്ടിൽ പോലീസ് എത്തിയപ്പോൾ അയാൾ ഒരാഴ്ച മുമ്പ് വാഹനാപകടത്തില്‍ മരിച്ചുപോയതായി കുടുംബം അറിയിച്ചു. അതായിരുന്നു പോലീസിന് സംശയം തോന്നാന്‍ ഇടയാക്കിയതും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്ക് അന്വേഷണം എത്തിയതും.
ALSO READ: സുഹൃത്തിനൊപ്പം പാർക്കിലിരുന്ന 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു
അതിനുപുറകേ ഇവരുടെ മൊഴി കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഗുര്‍പ്രീത് തന്റെ ബിസിനസില്‍ നഷ്ടം സംഭവിച്ചപ്പോൾ പ്രദേശവാസിയായ സുഖ്ജിത്തനെ കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെ സൗഹൃദം സ്ഥാപിച്ചതായി പോലീസ് പറഞ്ഞു. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അദ്ദേഹത്തെ ബോധംകെടുത്തിയതിന് ശേഷമായിരുന്നു കൊലപാതകം. കൂടാതെ പോലീസ് തിരിച്ചറിയാതിരിക്കാൻ ഗുര്‍പ്രീതിന്റെ വസ്ത്രവും സുഖ്ജീത്തിനെ ധരിപ്പിച്ചു. തുടർന്ന് അദ്ദേഹത്തെ ട്രക്ക് കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഗുർപ്രീതിന്റെ ഭാര്യ ട്രക്ക് കയറിയിറങ്ങിയ മൃതദേഹം തന്റെ ഭർത്താവിന്റേതാണെന്ന് തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...