ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറിലെ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ന് നടക്കും. അണ്ണാ ഡി.എം.കെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില എടപ്പാടി പളനിസ്വാമി പക്ഷത്തിന് ലഭിച്ചതിന്‍റെ പിന്നാലെയാണ് ആര്‍.കെ നഗറിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 24ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.


ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ നാല് മണ്ഡലങ്ങളിലും ഡിസംബര്‍ 21ന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കമീഷന്‍ അറിയിച്ചു. മുന്‍മുഖ്യമന്ത്രി ജയലളിത ഡിസംബര്‍ 5ന് മരിച്ചതിനെ തുടര്‍ന്നാണ് ആര്‍. കെ നഗറില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 12ന് നേരത്തേ ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കമീഷന്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു. പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഡിസംബര്‍ 31ന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് കമീഷനോട് മദ്രാസ് ഹൈക്കോടതി മൂന്ന് ദിവസം മുന്‍പ് നിര്‍ദേശിച്ചിരുന്നു.