ന്യൂഡല്‍ഹി: മൊഴി ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് കുറ്റകരമാക്കുന്ന ബില്ല് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ബില്ല് ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 നാണ് സുപ്രിംകോടതി മുത്തലാഖ് നിയമവിരുദ്ധമാണെന്ന് വിധിച്ചത്. മുത്തലാഖ് അത്യന്തം സ്ത്രീവിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തുടര്‍ന്ന് മുത്തലാഖിന് ആറുമാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കോടതി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.


മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് ജയില്‍ശിക്ഷയും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. മതിയായ നിയമത്തിന്‍റെ അഭാവത്തില്‍ ഇത്തരത്തില്‍ മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. 


സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബില്ലിന് രൂപം നല്‍കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.