`അഹങ്കാരവും കാർക്കശ്യവും`; മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ
യാസ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് മമത ബാനർജി വിട്ടു നിന്നത്
ന്യൂഡൽഹി: മമത ബാനർജിയുടെ പെരുമാറ്റം അഹങ്കാരവും കാർക്കശ്യവും നിറഞ്ഞതാണെന്ന് കേന്ദ്ര സർക്കാർ (Central Government). പ്രധാനമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിൽ നിന്ന് മമത ബാനർജി വിട്ടുനിന്നതിനെതിരെ രൂക്ഷമായ വിമർശനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. യാസ് ചുഴലിക്കാറ്റിനെ (Cyclone Yaas) തുടർന്നുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ നിന്നാണ് മമത ബാനർജി വിട്ടു നിന്നത്.
മമത ബാനർജിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) ഗവർണർ ജഗ്ദീപ് ധൻഖറും അര മണിക്കൂർ കാത്തിരിക്കേണ്ടതായി വന്നുവെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. മമതയുടെ പെരുമാറ്റം നിലവാരം കുറഞ്ഞ രാഷ്ട്രീയമാണെന്നും കേന്ദ്ര സർക്കാർ വിമർശിച്ചു.
ALSO READ: യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്കരിച്ച് മമത ബാനർജി
പ്രധാനമന്ത്രിയുമായി മമത ബാനർജി കൂടിക്കാഴ്ച നടത്തിയിരുന്നു. വിമാനത്താവളത്തിൽ വച്ച് 15 മിനിറ്റ് കൂടിക്കാഴ്ചയാണ് നടത്തിയത്. സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തു. തുടർന്ന് മറ്റൊരു യോഗത്തിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി മമത ബാനർജി പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിൽ (Review Meeting) പങ്കെടുക്കാതെ പോകുകയായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ ആരോപിക്കുന്നത്.
എന്നാൽ വിമാനത്താവളത്തിൽ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കാൻ മമതയോട് ആവശ്യപ്പെടുകയായിരുന്നെന്നും മുഖ്യമന്ത്രിക്ക് മറ്റ് യോഗങ്ങൾ ഉള്ളതായി അറിയിച്ചിരുന്നെന്നും കാത്തിരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മമതയുടെ ഓഫീസ് അറിയിച്ചു. അതേസമയം, മമത-കേന്ദ്ര സർക്കാർ പോര് മുറുകുന്നതിനിടെ ബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ആലാപൻ ബന്ദ്യോപാധ്യായ തിങ്കളാഴ്ച കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...