വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
വാക്സിൻറെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്
ന്യൂഡൽഹി: കോവിഡ് വാക്സിൻറെ ജിഎസ്ടി (GST) ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചന. വാക്സിൻറെ വില കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. നിലവിൽ അഞ്ച് ശതമാനം ജിഎസ്ടിയാണ് വാക്സിന് (Vaccine) ചുമത്തുന്നത്. നേരത്തെ വാക്സിന് കസ്റ്റംസ് നികുതി ഒഴിവാക്കിയിരുന്നു. വാക്സിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അടുത്ത ജിഎസ്ടി കൗൺസിലിൽ തീരുമാനം ഉണ്ടായേക്കും.
എന്നാൽ കൊവിഡ് (Covid) വാക്സിനെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം പ്രതികരിച്ചിട്ടില്ല. അവശ്യ മരുന്നുകൾക്ക് ആവശ്യമായ കാര്യങ്ങൾ എത്തിക്കുന്നതിനുള്ള ഇറക്കുമതി നികുതി കേന്ദ്രം (Central Government) നേരത്തേതന്നെ ഒഴിവാക്കിയിട്ടുണ്ട്. ജിഎസ്ടി ഒഴിവാക്കുന്നതോടുകൂടി സ്വകാര്യ ആശുപത്രികളിൽനിന്ന് എടുക്കുന്ന ഡോസിന് പരമാവധി 1,200 രൂപ വരെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, 18-45 വയസുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറിൽ കൊവിൻ ആപ്ലിക്കേഷനിൽ രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. സംസ്ഥാനങ്ങളുടെ സമ്മർദത്തിലും സുപ്രീംകോടതിയുടെ ഇടപെടലിനും പിന്നാലെ, സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡ് വാക്സീൻറെ വില കുറച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിരുന്നു. ഭാരത് ബയോടെക്കും വില കുറച്ചേക്കും.
അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ മൂന്നേ മുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. തുടർച്ചായായ എട്ട് ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...