എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രം
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിക്കെന്നും സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തില്‍ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ വേണ്ടിയാണ് ടെണ്ടര്‍ വിളിച്ചിട്ടുള്ളത്.
2018 ല്‍76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ശ്രമിച്ചിരുന്നുവെങ്കിലും ആരും താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ 100 ശതമാനം ഓഹരികളുംവിറ്റഴിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നത്.
ഇത്തവണയും ആരും ഓഹരികള്‍ വാങ്ങാന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കണം. 2020 മാര്‍ച്ച് 17 വരെയാണ് അവസാന തീയതി.
കമ്പനിയുടെ 326 കോടി ഡോളര്‍ അതായത് ഏകദേശം 23,000 കോടി രൂപ വരുന്ന കടവും മറ്റ് ബാധ്യതകളും പൂര്‍ണമായും ഓഹരി വാങ്ങുന്നവര്‍ ഏറ്റെടുക്കേണ്ടിവരും.
വിദേശ കമ്പനികളാണ് ഓഹരികള്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നതെങ്കിലും വിദേശകമ്പനികള്‍ക്ക് പൂര്‍ണമായും ഓഹരികള്‍ വാങ്ങുന്നതിന് നിയന്ത്രണവുമുണ്ട്. വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്ന് മാത്രമേ എയര്‍ ഇന്ത്യയെ വാങ്ങാന്‍ സാധിക്കു.
എന്നാല്‍ എയര്‍ ഇന്ത്യയുടെ നിര്‍ണായക ഓഹരികള്‍ ഇന്ത്യന്‍ കമ്പനിയുടെ പക്കലായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
ഇതിനിടയില്‍ സ്വകാര്യവത്കരണ നീക്കങ്ങള്‍ ശക്തമാകുന്ന ഈ സാഹചര്യത്തില്‍ പ്രമുഖ സ്വകാര്യ കമ്പനികളായ ഇന്‍ഡിഗോയും, എത്തിഹാദും എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.