ന്യൂഡല്‍ഹി: പട്ടിജാതി/വര്‍ഗ പീഡന നിരോധന നിയമം ദുര്‍ബലമാക്കിയത് കേന്ദ്രസര്‍ക്കാര്‍ അല്ലെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ലോക്സഭയില്‍ പ്രതിപക്ഷ ബഹളത്തിനിടെ ഭാരത് ബന്ദിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പ്രസ്താവന നടത്തുകയായിരുന്നു ആഭ്യന്തരമന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീംകോടതിയുടെ വിവാദ ഉത്തരവിനെതിരെ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ആറ് പ്രവര്‍ത്തി ദിവസങ്ങള്‍ എടുത്താണ് പുനഃപരിശോധന ഹര്‍ജി തയ്യാറാക്കിയത്. അത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് പരിഗണനയ്ക്ക് എടുക്കുമെന്നും രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു. 


എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പട്ടിജാതി/വര്‍ഗ പീഡന നിരോധന നിയമം ശക്തമാക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ നിയമം ദുര്‍ബലപ്പെടുത്തിയെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. 


സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതിനായി വിവിധ രാഷ്ട്രീയ കക്ഷികള്‍ സഹകരിക്കണമെന്നും  രാജ്നാഥ് സിംഗ് അഭ്യര്‍ത്ഥിച്ചു. 


അതിനിടെ ദളിത് സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത ബന്ദിനിടയിലെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. മുന്‍കരുതല്‍ എന്ന നിലയില്‍ ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.