റായ്പുര്‍: പശുവിന്‍റെ പേരില്‍ പ്രത്യേക മതത്തില്‍പ്പെട്ട ആളുകള്‍ നിരന്തരം ആക്രമത്തിനിരയാവുകയും അതിക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യ൦ നിലനില്‍ക്കുമ്പോള്‍ 18 പശുക്കള്‍ ശ്വാസംമുട്ടി ചത്തതായി റിപ്പോര്‍ട്ട്. ഈ പശുക്കളെപ്പറ്റി ആരും ഒന്നും ചോദിച്ചില്ല, ആര്‍ക്കും ഒന്നും പറയാനുമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഢിലാണ് സംഭവം. ബലോധാബസാര്‍ ജില്ലയിലെ രൊഹാസി ഗ്രാമപഞ്ചായത്തിലെ ഒരു ഗോശാലയില്‍ പൂട്ടിയിട്ട 18 പശുക്കളാണ് ശ്വാസംമുട്ടി ചത്തത്. 


സംഭവം ഇങ്ങനെയാണ്, ഗ്രാമത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടന്ന കന്നുകാലികള്‍ കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ഗോശാലയില്‍ ഏല്‍പ്പിച്ചിരുന്നു. അധികൃതര്‍ ഇവയെ ഗോശാലയില്‍ പൂട്ടിയിട്ടു. ചില പശുക്കളെ പുറത്തും കെട്ടിയിട്ടു. 


ഏറെ നാളുകള്‍ കഴിഞ്ഞിട്ടും ഉടമകള്‍ എത്തിയില്ല. ഇതിനെത്തുടര്‍ന്ന് പശുക്കള്‍ക്ക് തീറ്റകൊടുക്കാന്‍ ബുദ്ധിമുട്ടു വന്നതോടെ പുറത്തുകെട്ടിയിട്ട പശുക്കളെ അധികൃതര്‍ അഴിച്ചുവിട്ടു. എന്നാല്‍ ഗോശാലയ്ക്കുള്ളില്‍ പൂട്ടിയിട്ട പശുക്കളെ ആരും ശ്രദ്ധിച്ചതുമില്ല. 


ഇടുങ്ങിയ മുറിയില്‍ ഞെരുങ്ങിയമര്‍ന്നാണ് പശുക്കള്‍ ചത്തതെന്ന് ബലോധാബസാര്‍ ജില്ലാ കലക്ടര്‍ ജനക് പ്രസാദ് പഥക് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായാണ്  റിപ്പോര്‍ട്ട്.


അതേസമയം, ഛത്തീസ്ഗഢില്‍ ഗോശാലകളില്‍ വച്ച് പശുക്കള്‍ കൂട്ടമായി ചത്തൊടുങ്ങുന്നത് ഇതാദ്യത്തെ സംഭവമല്ല. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നും 18നുമിടയില്‍ മൂന്നു കേന്ദ്രങ്ങളില്‍ 200 പശുക്കള്‍ അശ്രദ്ധ കാരണം ചത്തൊടുങ്ങിയിരുന്നു.