തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ആഘോഷമാണ് ക്രിസ്മസ്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണ ദിവസമാണ് ക്രിസ്മസ് ആയി ആഘോഷിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെങ്ങുമുള്ള വിവിധ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്നത്. ഉണ്ണിയേശു പിറന്ന ബത്‌ലഹേമില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തു. ജനനസ്ഥലത്തുള്ള നേറ്റിവിറ്റി ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടന്നു.  


25 ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനും പ്രാര്‍ഥനകള്‍ക്കും സമാപ്തികുറിച്ചു കൊണ്ടാണ് ക്രൈസ്തവ വിശ്വാസികള്‍ തിരുപ്പിറവി ആഘോഷിക്കുന്നത്. നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം ഒരുക്കിയാണ് വിശ്വാസി സമൂഹം ക്രിസ്മസിനെ വരവേല്‍ക്കുന്നത്.


സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് ഒത്തു ചേര്‍ന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്‍റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. അള്‍ത്താരിയിലെ ഉണ്ണിയേശുവിന്‍റെ രൂപം പുല്‍ക്കൂട്ടിലെത്തിച്ച് പുരോഹിതര്‍ ശശ്രൂഷകള്‍ നടത്തി. 


മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കുന്നവർ ലോകത്തെ മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലുമുണ്ടെന്ന് കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു.


വത്തിക്കാനിലെ ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ കാര്‍മികനായി. സഭയുടെ വീഴ്ചകൾ ദൈവത്തിൽനിന്ന് വിശ്വാസികളെ അകറ്റാതിരിക്കട്ടെ എന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാര്‍പാപ്പ പറഞ്ഞു.


എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കർദിനാൾ മാർജോർജ്ജ് ആലഞ്ചേരി തിരുപ്പിറവി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. തിരുവനന്തപുരം പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് സൂസപാക്യം കാർമ്മികത്വം വഹിച്ചു.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കുന്നംകുളം മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന ചടങ്ങുകള്‍.


ഡല്‍ഹിയിലും മലയാളികളുടെ ക്രിസ്മസ് ആഘോഷം ഗംഭീരമായി നടക്കുകയാണ്. നഗരത്തിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായിരുന്നു. ഗുരുഗ്രാം ലൂർദ് മാതാ ദേവാലയത്തിൽ പിറവി തിരുനാൾ കർമ്മങ്ങളും പാതിരാ കുർബാനയും നടന്നു. 


നോയിഡ സെന്റ് അൽഫോൺസാ ഇടവക പള്ളി, ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി, മയൂർ വിഹാർ സെന്റ് മേരീസ് പള്ളി എന്നിവിടങ്ങളിൽ വിശുദ്ധ കുർബാന നടന്നു. ബഥേൽ മാർത്തോമ ഇടവക പള്ളിയിൽ ക്രിസ്മസ് കരോൾ ആഘോഷവും പ്രത്യേക പ്രാർത്ഥനയുമുണ്ടായിരുന്നു.