ന്യൂഡല്‍ഹി: കൊറോണ വൈറസിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പങ്കുവയ്ക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്ന വാര്‍ത്ത വ്യാജം. സര്‍ക്കാര്‍ അറിയിപ്പെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് ദുരന്തനിവാരണ നിയമ൦ നടപ്പാക്കിയതായും ഇത് പ്രകാരം കൊറോണ വൈറസിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പങ്കുവയ്ക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നുമായിരുന്നു വാര്‍ത്ത. 


കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള അപ്പ്ഡേഷനുകള്‍ നല്‍കാന്‍ ഒരു പൗരന്‍മാര്‍ക്കും അവകാശമില്ലെന്നും ഗ്രൂപ്പ് അഡ്മിന്മാര്‍ ഈ പോസ്റ്റ്‌ ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കണമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. 


Livelaw.in എന്ന വെബ്‌സൈറ്റ് നല്‍കിയ വാര്‍ത്തയുടെ ലിങ്കും ഈ സന്ദേശത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, വസ്തുത വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കരുതെന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭിക്കാതെ വാര്‍ത്തകള്‍ നല്‍കരുതെന്നുമുള്ള സുപ്രീം കോടതി അറിയിപ്പിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഈ ലിങ്കില്‍ ഉള്ളത്. 


ഇതിനെതിരെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും രംഗത്തെത്തിയിരുന്നു. കൊറോണ വൈറസിനെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പങ്കുവയ്ക്കാനുള്ള അധികാരം സര്‍ക്കാരിന് മാത്രമാണെന്നുള്ള വാര്‍ത്തയുമായി ലിങ്കിനു യാതൊരു ബന്ധവുമില്ലെന്ന് PIB റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനാല്‍ ശ്രദ്ധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.