ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍  (Citizenship Amendment Act) കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. അതേസമയം, ഭേദഗതി സ്റ്റേ ചെയ്യണമെന്നനിര്‍ദ്ദേശം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. കേസ് ജനുവരി 22ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

59 ഹര്‍ജികള്‍ പരിഗണിച്ചശേഷമാണ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. അതിന് മുന്‍പായി കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് ആണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.


ഭേദഗതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസില്‍ വിശദമായി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. 


അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യരുതെന്ന്‍ കോടതിയില്‍ ബോധിപ്പിച്ചു.


പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷത്തുനിന്നും 59 ഹരജികളാണ് ഇന്ന് സുപ്രീംകോടതിയില്‍ എത്തിയത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹര്‍ജി നല്‍കിയിട്ടുണ്ട്. മുസ്ലീംലീഗാണ് ഈ വിഷയത്തില്‍ ആദ്യം കോടതിയെ സമീപിച്ചത്. 


ഹര്‍ജിക്കാര്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വാദങ്ങള്‍ നയിച്ചത്. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.


Also read: CAA: അറുപതോളം ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍!


ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍), ജയ്റാം രമേഷ്, രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍(കോണ്‍ഗ്രസ്) ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദള്‍, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീന്‍ ഒവൈസി (എ.ഐ.എം.ഐ.എം) തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്സ് അസോസിയേഷന്‍ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.