COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്‌-എന്‍സിപി-ശിവസേന നേതാക്കള്‍ ഇന്ന് ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരിയുമായി കൂടിക്കാഴ്ച നടത്തും.


വൈകിട്ട് മൂന്ന്‍ മണിക്കാണ് കൂടിക്കഴ്ച. കർഷക പ്രശ്നങ്ങളിൽ ഗവർണറുടെ ശ്രദ്ധക്ഷണിക്കാനാണ് കൂടിക്കാഴ്ചയെന്നാണ് ഔദ്യോഗിക വിശദീകരണം. 


സഖ്യം രൂപീകരിച്ച് പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറായ സാഹചര്യത്തില്‍ അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് റിപ്പോര്‍ട്ട്.


മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേനയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കാലാവധി പൂര്‍ത്തിയാക്കുന്ന വരെ ഭരിക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു.


സഖ്യസര്‍ക്കാര്‍ ആറുമാസം പോലും ഭരണം തികക്കില്ലെന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു പവാര്‍. പൊതു മിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപം നൽകാൻ സോണിയാ ഗാന്ധിയും പവാറും നാളെ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. 


യോഗശേഷം നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ സൂചനയൊന്നുമില്ല. 


ശിവസേന സ്ഥാപകനായ ബാല്‍താക്കറെയുടെ ചരമദിനം കൂടിയാണ് ഈ ഞായറാഴ്ച. ഈ ദിവസം സത്യപ്രതിജ്ഞ ചെയ്യണമെന്ന് ശിവസേന ആഗ്രഹിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അതിനുള്ള സാധ്യതയില്ലെന്നാണ് സൂചന.


നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16 മന്ത്രിസ്ഥാനം തങ്ങള്‍ക്കുവേണമെന്ന നിലപാടിലാണ് ശിവസേന. എന്‍.സി.പിക്ക് 14 മന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് 12 മന്ത്രിസ്ഥാനവും മാത്രമാണ് ലഭിക്കുക.