മുംബൈ: മഹാരാഷ്ട്ര സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു രാജ്യം ഒരു പ്രധാനമന്ത്രി ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബിജെപി പോരാടിയതെന്നും ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബിജെപി സര്‍ക്കാര്‍ റദ്ദ് ചെയ്തതെന്നും എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.


കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് എല്ലാ ഇന്ത്യക്കാരും പറഞ്ഞുകൊണ്ടിരുന്നു. എന്തുകൊണ്ടാണത് പറഞ്ഞിരുന്നത്. കാരണം അനുച്ഛേദം 370 കശ്മീരിന് ഒരു തടസ്സമായിരുന്നു. 


എന്നാലിപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തനിക്ക് അഭിമാനത്തോടെ പറയാനാകുമെന്നും അതിനു കാരണം ഇപ്പോള്‍ ഇവിടെ 370, 35 എ എന്നീ അനുച്ഛേദങ്ങള്‍ ഇല്ലയെന്നതാണെന്നും അമിത് ഷാ വ്യക്തമാക്കി.


ആഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു സര്‍ക്കാര്‍ ഇതിലൂടെ നടപ്പിലാക്കിയത്. 


ഇതിന് പിന്നാലെ കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരുള്‍പ്പെടെ 400 ഓളം രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു.