Covid Updates; രാജ്യത്ത് പുതുതായി 1,32,788 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 24 മണിക്കൂറിനിടെ 3,207 കൊവിഡ് മരണം
സജീവ കേസുകളുടെ എണ്ണം 17,93,645 ആണ്. 2,31,456 രോഗികളാണ് 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പുതിയ കൊവിഡ് (Covid-19) കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,83,07,832 ആയി. സജീവ കേസുകളുടെ എണ്ണം 17,93,645 ആണ്. 2,31,456 രോഗികളാണ് 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായത്. 2,61,79,085 പേർ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം (Health Ministry) അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,207 പേർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,35,102 ആയി. സജീവ രോഗികളുടെ എണ്ണം 17,93,645 ആണ്. രാജ്യത്ത് തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതരെ റിപ്പോർട്ട് ചെയ്യുന്നത്. 26,500 കൊവിഡ് കേസുകളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 21,85,46,667 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് ഇരുപതിനായിരത്തോളം കോവിഡ് കേസുകൾ, കോവിഡ് മരണങ്ങൾ 9000 കടന്നു
കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസകരമാണ്. ആശ്വാസകരമായ കണക്കുകളാണ് പുറത്ത് വരുന്നതെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ (Restrictions) ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കൂവെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പരിശോധനയും വാക്സിൻ വിതരണവും വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് തുടരുന്ന കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബറോടെ പൂർണമായും ഒഴിവാക്കാനാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കൊവിഡിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ തന്നെ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സിനേഷൻ (Vaccination) നല്‍കുന്നത് സംബന്ധിച്ച് നിലവിലിരിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ തന്നെ പിന്തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാമത്തെ ഡോസ് നല്‍കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.
നിലവില്‍ പിന്തുടരുന്ന രീതി അനുസരിച്ച് ഒരേ വാക്‌സിന്‍ തന്നെയാവും രണ്ട് ഡോസിലും നല്‍കുക. വാക്‌സിനുകളുടെ ഡോസുകള്‍ തമ്മില്‍ കൂട്ടികലര്‍ത്തുകയില്ലെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ദേശീയ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍ പറഞ്ഞു. ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിന് 12 ആഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകും. അതേസമയം ആദ്യ ഡോസ് കോവാക്‌സിന്‍ നല്‍കിയ ശേഷം 4-6 ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് നൽകാമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ കോവിഡ് ഗുരുതരമാവുന്ന സാഹചര്യം ഉണ്ടാവാമെന്നും രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി.
ALSO READ: COVID Vaccine : കിടപ്പ് രോഗികൾക്ക് വാക്സിൻ വീട്ടിൽ എത്തിക്കും, ആരോഗ്യ വകുപ്പ് മാർഗനിദേശം ഇറക്കി
അതേസമയം, മേയ് ഏഴു മുതല്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മേയ് ഏഴിന് ശേഷം കോവിഡ് കേസുകളില്‍ 69 ശതമാനം കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...