തിരുവനന്തപുരം: ലോക്ക്ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് വ്യക്തമാകുക മെയ് മാസത്തിന് ശേഷമായിരിക്കുമെന്ന് ആരോഗ്യമന്ത്രി (Health Minister) വീണാ ജോർജ്. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണത്തിന്റെ (Restrictions) ഫലം അടുത്ത മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്ക്ഡൗൺ (Lockdown) തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് മുഖ്യമന്ത്രിയുടെ (Chief Minister) നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നീ കാര്യങ്ങൾ പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
സംസ്ഥാനത്ത് വാക്സിനേഷൻ സാർവത്രികമായി നടപ്പാക്കും. കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കൊവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള മറ്റ് രോഗങ്ങളും പടരാൻ സാധ്യതയുണ്ട്. ഈ രോഗങ്ങൾക്കെതിരെയും ജാഗ്രത പുലർത്തണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 176 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702, വയനാട് 499 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. ഇതുവരെ ആകെ 1,86,81,051 സാമ്പിളുകളാണ് പരിശോധിച്ചത്.
123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,400 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,69,946 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 3383 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...