മംഗളൂരു: കര്‍ണാടകയിലെ മംഗളൂരുവില്‍ കര്‍ഫ്യുവിന് ഇളവ് പ്രഖ്യാപിച്ചു. ഇന്ന് മൂന്നു മണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുപോലെ നാളെ പകലും കര്‍ഫ്യൂവില്‍ ഇളവുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ നിരോധനാജ്ഞ പിന്‍വലിക്കില്ലെന്നാണ് തീരുമാനം.


മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്. 


മാത്രമല്ല വ്യാഴാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ മംഗളൂരുവിലുണ്ടായ പൊലീസ് വെടിവെയ്പ്പിലും മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. 


കൂടാതെ മലയാളികളടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിലും മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


അതിനിടയില്‍ കര്‍ണാടകയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടു. മംഗലാപുരത്ത് കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ അഞ്ച് കെഎസ്ആര്‍ടിസി ബസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. 


പൊലീസ് സംരക്ഷണയില്‍ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കും. കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. കാസര്‍കോട്‌ ഡിപ്പോയില്‍ നിന്നുള്ള ബസുകളാണ് മംഗലാപുരത്തേക്ക് അയച്ചിരിക്കുന്നത്. 


മംഗലാപുരത്ത് ഹോസ്റ്റലുകളില്‍ അടക്കം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുക എന്ന ഉദ്ദേശത്തിലാണ് ബസുകള്‍ അയക്കുന്നത്. പോലീസ് സംരക്ഷണയില്‍ കോണ്‍വോയ് അടിസ്ഥാനത്തിലാണ് ബസുകള്‍ മംഗലാപുരത്തേക്ക് അയക്കുന്നത്. കൂടുതല്‍ കുട്ടികള്‍ വരാന്‍ ഉണ്ടെങ്കില്‍ ഇനിയും ബസുകള്‍ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.