ന്യൂഡല്‍ഹി: ഇളവുകളില്ലാതെ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം നടപ്പാക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന് സമര്‍പ്പിച്ച നിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയര്‍ന്നാല്‍ നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിറുത്തി വയ്ക്കാനുള്ള തീരുമാനവും നിര്‍ദേശങ്ങളിലുണ്ട്. കൂടാതെ, അത്തരം സാഹചര്യത്തില്‍ ട്രക്കുകള്‍ക്ക് നഗരത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തും. 


മലിനീകരണം നിയന്ത്രിക്കാന്‍ ഒറ്റ-ഇരട്ട വാഹന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം വന്നപ്പോള്‍ ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായിരുന്നു ഇളവുകള്‍ അനുവദിക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. 


തുടര്‍ന്ന് മലിനീകരണ നിയന്ത്രണ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ട്രിബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു. നിര്‍ദേശം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടതും ട്രിബ്യൂണലിന്‍റെ വിമര്‍ശനത്തിന് കാരണമായി.