Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു
ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു
ന്യൂഡൽഹി: കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഗുരുതരമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ (Delhi) അടക്കം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ (Curfew) ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചു.
വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രമായി സീറ്റിങ് പരിധി നിശ്ചയിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. അവശ്യ സർവീസുകൾക്ക് തടസമുണ്ടാകില്ല. ആശുപത്രികളിൽ നിലവിൽ കിടക്കകൾക്ക് ക്ഷാമമില്ല. 5000ൽ അധികം കിടക്കകൾ നിലവിൽ ഒഴിവുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: Covid 19 Second Wave: രാജ്യം കടുത്ത ആശങ്കയിൽ; ആദ്യമായി 2 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞതോടെ ചികിത്സ കിട്ടാതെ രോഗികൾ മരിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മരണ നിരക്ക് ഉയർന്നതോടെ ശ്മശാനങ്ങളും നിറയുകയാണ്. അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,00,739 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.4 കോടി ആയി. വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് (Covid) ബാധിച്ച് മരിച്ചത് 1,038 പേരാണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,73,123 ആയി. ഏപ്രിൽ രണ്ടിന് ബ്രസീലിനെ പിന്നിലാക്കി കൊവിഡ് അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരുന്നു. രോഗം അതിരൂക്ഷമായി ബാധിച്ചവയിൽ ഒന്നാമത്തെ രാജ്യം യുഎസ് ആണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്കുകൾ ഒന്നര ലക്ഷം കടക്കുന്നത്.
യുഎസിലെ പ്രതിദിന കണക്കുകൾ ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമെത്താൻ 21 ദിവസമെടുത്തപ്പോൾ ഇന്ത്യ എടുത്തത് കേവലം 11 ദിവസങ്ങൾ മാത്രമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രേഖപ്പെടുത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,952 പേർക്കാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 35,78,160 ആയി.
ഏറ്റവും കൂടുതൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത് കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഇതുവരെ ഏറ്റവും കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.