Congress: മുടി പിടിച്ച് വലിച്ചു, വാഹനത്തിന് പുറത്തേക്ക് വലിച്ചു, മർദിച്ചു; ഡൽഹിയിൽ പ്രതിഷേധത്തിനിടെ ബിവി ശ്രീനിവാസിനെ കയ്യേറ്റം ചെയ്ത് പോലീസുകാർ- വീഡിയോ
BV Srinivas: പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചതിനെ അപലപിച്ച് നിരവധി കോൺഗ്രസ് നേതാക്കളാണ് വീഡിയോ ഷെയർ ചെയ്തത്.
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തിയ രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളെ ചൊവ്വാഴ്ച ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ബിവി ശ്രീനിവാസിനെ പോലീസ് കയ്യേറ്റം ചെയ്യുന്നതിന്റെയും തലമുടി പിടിച്ചു വലിച്ചെറിയുന്നതിന്റെയും വീഡിയോ പുറത്തുവന്നു. പോലീസുകാർ മുടിയിൽ പിടിച്ച് വലിച്ച് വാഹനത്തിൽ നിന്ന് പുറത്തേക്കിറക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ഒരു പോലീസുകാരൻ ശ്രീനിവാസിനെ കാറിലേക്ക് തള്ളിയിടുന്നുമുണ്ട്. ശ്രീനിവാസ് പോലീസിന്റെ ക്രൂരത ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചതിനെ അപലപിച്ച് നിരവധി കോൺഗ്രസ് നേതാക്കളാണ് വീഡിയോ ഷെയർ ചെയ്തത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
ബിജെപി സത്യത്തെയും കോൺഗ്രസിനെയും ഭയപ്പെടുന്നുവെന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. നേരത്തെ, നിരവധി പാർട്ടി പ്രവർത്തകരെയും പാർലമെന്റ് അംഗങ്ങളെയും പാർലമെന്റിന് സമീപത്തും അക്ബർ റോഡിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്തിന് പുറത്തും ഡൽഹി പോലീസ് തടഞ്ഞിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഇന്ത്യ ഇപ്പോള്‍ ഒരു പോലീസ് രാജ്യമാണ്. മോദി അവിടുത്തെ രാജാവും. പാർലമെന്‍റിൽ പോലും ചര്‍ച്ചകള്‍ അനുവദിക്കുന്നില്ലെന്നും പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന പോലീസ് നയത്തിനെതിരെ രാഹുല്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. അതേസമയം, നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...