ന്യൂഡെല്‍ഹി:പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷം പടരുന്നത്‌ തടയുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ സംഘര്‍ഷ സ്ഥലങ്ങളില്‍ രണ്ട് കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചിരിക്കുകയാണ്.സംഘര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത്.


അതിനിടെ സൈന്യത്തെ വിളിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി കെജരിവാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.കര്‍വാള്‍ നഗര്‍,വിജയ്‌ പാര്‍ക്ക്,യമുനാ നഗര്‍ എന്നിവിടങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്.സംഘര്‍ഷം പടരുന്ന സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.മാര്‍ച്ച് 24 വരെയാണ് നിരോധനാജ്ഞ,അക്രമം നടന്ന സ്ഥലങ്ങളില്‍ വ്യപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്.മൗജ്പൂരില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ വെടിവെയ്പ്പുണ്ടായി,സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായി.


സംഘര്‍ഷത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന കലാപത്തില്‍ ഒന്‍പത് പേരാണ് ഇതുവരെ മരിച്ചത്. 160 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അതിനിടെ ഡൽഹി സംഘർഷത്തിൽ പരുക്കേറ്റ് ഗുരു തേജ്  ബഹാദൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളും ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയും സന്ദര്‍ശിച്ചു.