ഭോപ്പാല്‍: ബിജെപിയ്ക്കെതിരായി നടത്തിയ കടുത്ത ആരോപണം നിരസിച്ച് കോണ്‍ഗ്രസ്‌ നേതാവ് ദിഗ് വിജയ് സിംഗ്!!


COMMERCIAL BREAK
SCROLL TO CONTINUE READING

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയില്‍ നിന്ന് ബിജെപിയും ബജരംഗദളും പണം പറ്റുന്നുണ്ടെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് നടത്തിയ ആരോപണം. രാജ്യത്ത് പാക്കിസ്ഥാനുവേണ്ടി ചാരപ്പണി നടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ മറ്റുള്ളവരാണെന്നും ഇക്കാര്യത്തിലും ശ്രദ്ധ പതിയേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞിരുന്നു.


ആര്‍എസ്‌എസും ബജരംഗദളും പശു സംരക്ഷണത്തിന്‍റെ പേരില്‍ കച്ചവടമാണ് നടത്തുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ബീഫ് കഴിച്ചിരുന്നു. സൈന്യത്തെ പോറ്റാന്‍ ബ്രിട്ടീഷുകാര്‍ പശുക്കളെ അറുത്തിരുന്നുവെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 


പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജരംഗദള്‍ നേതാവ് ബല്‍റാം സിംഗ് അടക്കം 5 പേരെ ആഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്‌നയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ് വിജയ് സിംഗിന്‍റെ വിമര്‍ശനം.


എന്നാല്‍ അദ്ദേഹത്തിന്‍റെ ആരോപണം ഇപ്പോള്‍ വന്‍ വിവാദത്തിന് വഴിതെളിച്ചിരിയ്ക്കുകയാണ്. 


അതേസമയം, ദിഗ് വിജയ് സിംഗിന്‍റെ പ്രസ്താവനയില്‍ മറുപടിയുമായി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തി.
വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനായാണ് ദിഗ് വിജയ് സിംഗ് ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. ദിഗ് വിജയ് സിംഗും കോണ്‍ഗ്രസ് നേതാക്കളും പാക്കിസ്ഥാന്‍റെ  ഭാഷയാണ് ഉപയോഗിക്കുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പാകിസ്താന്‍ ആവര്‍ത്തിച്ച സംഭവം ഓര്‍മ്മിപ്പിച്ചു.


സായുധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വാങ്ങിയവര്‍ ഏത് രാഷ്ട്രീയ സംഘടനയുമായി ബന്ധപ്പെട്ടവരായാലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചിത്രകൂട്, ദേവാസ്, ബര്‍വനി, മന്ദ്‌സൗര്‍ എന്നിവിടങ്ങളില്‍ നടന്ന ചാരക്കേസുകളില്‍ ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ നരേന്ദ്ര സലൂജ ആരോപിച്ചിരുന്നു. 


എന്നാല്‍, താന്‍ ഇത്തരമൊരു പ്രസ്‌താവന നടത്തിയിട്ടില്ലെന്നും ചില ചാനലുകള്‍ തന്‍റെ വാക്കുകളെ വളച്ചൊടിച്ചതാണെന്നും പിന്നീട് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ചില ചാനലുകള്‍ തന്‍റെ പേരില്‍ അവാസ്തകരമായ വാര്‍ത്തയാണ് പ്രസിദ്ധീകരിക്കുന്നത്. 


ബിജെപിക്കാര്‍ പാക്കിസ്ഥാനില്‍നിന്നും പണം പറ്റിയെന്ന് താന്‍ ആരോപിച്ചതായാണ് ചില ചാനലുകള്‍ വാര്‍‌ത്ത നല്‍കിയിരിക്കുന്നത്. ഇത് തെറ്റാണ്. എന്നാല്‍  മധ്യപ്രദേശില്‍ ഐഎസ്ഐയില്‍ നിന്നും പണം വാങ്ങിയതിന് ഒരു ബജരംഗദള്‍ പ്രവര്‍ത്തകനെയും ബിജെപിക്കാരനെയും പിടികൂടിയതാണ് താന്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ താന്‍ ഉറച്ച്‌ നില്‍ക്കുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.