കഴുതപ്പാലിന് വില കുതിച്ചുയരുന്നു ; ലിറ്ററിന് 2000രൂപ കടന്നു
ഓഷധമൂല്യം കൂടുതലുണ്ടെന്ന വിശ്വാസത്തിലാണ് നാട്ടുകാർ വലിയവില കൊടുത്ത് കഴുതപ്പാൽ വാങ്ങുന്നത്
തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ കഴുതപ്പാലിന് വില കുതിച്ചുയരുന്നു .ലിറ്ററിന് തെങ്കാശിയിൽ 2000രൂപയാണ് പാലിന്റെ വില . ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതാണ് വില കൂടാൻ കാരണം . ഓഷധമൂല്യം കൂടുതലുണ്ടെന്ന വിശ്വാസത്തിലാണ് നാട്ടുകാർ വലിയവില കൊടുത്ത് കഴുതപ്പാൽ വാങ്ങുന്നത് . കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്നും സൗന്ദര്യവർധക വസ്തുവാണെന്നും പറയുന്നു .
കഴുതയെ വളർത്തുന്നവർ ആവശ്യക്കാരുടെ വീടിന് മുന്നിലെത്തി അപ്പപ്പോൾ കറന്നാണ് പാൽ നൽകുന്നത് . ഇത് തിളപ്പിക്കാതെ നേരെ കുട്ടികളുടെ വായിൽ ഒഴിച്ചുകൊടുക്കും . പല തവണകളായി കറന്നാൽ ഒരു കഴുതയിൽ നിന്ന് അരലിറ്റർ മുതൽ പരമാവധി ഒന്നരലിറ്റർ വരെ പാലാണ് കിട്ടുക . ചെന്നൈയിൽ ചില ഓൺലൈൻ സ്ഥാപനങ്ങൾ കഴുതപ്പാൽ ആവശ്യക്കാർക്ക് വീട്ടിലെത്തിക്കുന്നുണ്ട് . ലിറ്ററിന് 1,500രൂപയാണ് വില .
എന്നാൽ കഴുതപ്പാലിന് ഔഷധഗുണവും രോഗ പ്രതിരോധശേഷിയുമുണ്ടെന്നതിന് ശാസ്ത്രീയ ഗവേഷണങ്ങളുടെ പിന്മബലമൊന്നും ഇല്ലെന്ന് വിദഗ്ധർ പറയുന്നു . പശുവിൻപാലിലും എരുമ പാലിലുമുള്ള പോഷകങ്ങൾ തന്നെയാണ് പ്രധാനമായും കഴുതപ്പാലിലുള്ളത് . അതേസമയം തിളപ്പിക്കാത്ത പാല്‍ ഉപയോഗിക്കുന്നത് രോഗങ്ങൾ പിടിപെടാൻ കാരണമായേക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...