ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നാളെ പൊതു ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍വ്വെ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനം ആയിരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ പറയുന്നത്. 2018-19 സാമ്പത്തിക വര്‍ഷം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. 


എന്നാല്‍ വരുന്ന സാമ്പത്തികവര്‍ഷം ഇതില്‍ നിന്ന് സമ്പദ് വ്യവസ്ഥയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖല, തൊഴില്‍, നിക്ഷേപം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും സൂചനയുണ്ട്. 


കൂടാതെ ഇന്ധനവിലയില്‍ കാര്യമായ കുറവ് വന്നേക്കുമെന്ന് സൂചനയുണ്ട്. മുതിര്‍ന്ന സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് കഴിഞ്ഞ 12 മാസത്തെ സാമ്പത്തികനില പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. രാജ്യത്തെ സാമ്പത്തികസ്ഥിതിയുടെ അവലോകനമാണ് സര്‍വേയില്‍ ഉണ്ടായിരിക്കുക.


2020 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 7 ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വേയില്‍ പറയുന്നു. നാളെ അവതരിപ്പിയ്ക്കുന്ന ബജറ്റിന്‍റെ ദിശ എങ്ങോട്ടാണെന്നതിനുള്ള സൂചനയും ഇന്നത്തെ സാമ്പത്തിക സര്‍വ്വേയില്‍ നിന്നും മനസ്സിലാകും.


പലിശ നിരക്കില്‍ കുറവു വരുത്തുകയോ, ഉത്പാദകര്‍ക്ക് നികുതി ഇളവ് നല്‍കുകയോ ചെയ്യുകയെന്ന രീതി ധനമന്ത്രി കൈകൊള്ളുമോ എന്നതാണ് നാളത്തെ ബജറ്റില്‍ സാമ്പത്തിക ലോകം ഉറ്റ് നോക്കുന്നത്. ധനക്കമ്മിയുടെ നിബന്ധനകള്‍ ഉള്ളതുകൊണ്ട് ഇത് എളുപ്പത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയുകയുമില്ല.