ഷവോമിക്കെതിരെ കടുത്ത നടപടിയുമായി ഇഡി; 5,551 കോടി രൂപ മരവിപ്പിച്ചു
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് ഷവോമിക്കെതിരെ ഇഡി നടപടിയെടുത്തത്.
ബെംഗളൂരു: ചൈനീസ് ടെക് ഭീമൻ ഷവോമിക്കെതിരെ കടുത്ത നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 5,551 കോടി രൂപ ഇഡി മരവിപ്പിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് ഷവോമിക്കെതിരെ ഇഡി നടപടിയെടുത്തത്. സിറ്റി ബാങ്ക്, ഐഡിബിഐ ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എന്നീ നാല് ബാങ്കുകളിലായാണ് പണം നിക്ഷേപിച്ചിരുന്നത്. റോയിൽറ്റിയുടെ പേരിൽ വൻ തുക രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്നാണ് ഷവോമിക്കെതിരായ പ്രധാന ആരോപണം. മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ഇഡി ഷവോമിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രാജ്യത്തെ നിയമം മാനിക്കുന്നുവെന്നും അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നുണ്ടെന്നും ഷവോമി അധികൃതർ പ്രതികരിച്ചു.
എന്നാൽ, സർക്കാർ ഫണ്ടിലേക്ക് പത്തു കോടി രൂപ സംഭാവന നൽകിയ അതേ കമ്പനിയുടെ സ്വത്തുവകകളാണ് ഇഡി ഇപ്പോൾ കണ്ടുകെട്ടിയിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ചൈനീസ് സ്മാർട്ട്ഫോൺ ഭീമന്മാരായ ഷവോമിയുടെ 5,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിനാണ് ഇഡി ഷവോമിയുടെ പണം മരവിപ്പിച്ചത്. ഇതേ ഷവോമിക്ക് തന്നെയാണ് പിഎം കെയേഴ്സിലേക്ക് 10 കോടി രൂപ സംഭാവന നൽകാൻ അനുമതി നൽകിയതും. പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ എല്ലാ ചോദ്യങ്ങളും കല്ലെറിയപ്പെട്ടു– മഹുവ ട്വിറ്ററിൽ കുറിച്ചു.
ALSO READ: ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം; നാലാം വർഷവും ഒന്നാമത് ഇന്ത്യ
ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപ സ്ഥാപനമാണ് ഷവോമി ഇന്ത്യ. ഫെബ്രുവരിയിൽ കമ്പനി അനധികൃതമായി പണമയച്ചതുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ഷവോമിക്ക് 34,000 കോടിയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. 2014 മുതലാണ് ഷവോമി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. 2015 മുതൽ നടത്തി വന്ന സാമ്പത്തിക ഇടപാടുകളിലായിരുന്നു ഇഡി അന്വേഷണം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...