ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരും തൊഴിലാളികളും ഇന്ന് പാര്‍ലമെന്‍റിലേക്ക് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് മഹാറാലി സംഘടിപ്പിക്കും.  റാലിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നടക്കം ആയിരക്കണക്കിന് കര്‍ഷക, തൊഴിലാളികളാണ് ഡല്‍ഹിയില്‍ എത്തിയത്.  മൂന്നുലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും മാര്‍ച്ചിൽ പങ്കെടുക്കുമെന്ന് അഖിലേന്ത്യ കിസാൻ സഭ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിലക്കയറ്റം തടയുക, പൊതുവിതരണം സാര്‍വത്രികമാക്കുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക, കാര്‍ഷിക കടങ്ങൾ എഴുതി തള്ളുക, ഉല്പാദന ചെലവിന്‍റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുക തുടങ്ങിയ 15 ആവശ്യങ്ങൾ ഉന്നയിച്ചാണ് കര്‍ഷക തൊഴിലാളി യൂണിയന്‍റെയും കിസാൻസഭയുടെയും സി.ഐ.ടി.യുവിന്‍റെയും നേതൃത്വത്തിൽ ഇന്നത്തെ പാര്‍ലമെന്‍റ് മാര്‍ച്ച്.


ഡല്‍ഹിയിലെ രാംലീല മൈതാനിയിൽ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. മാര്‍ച്ചിൽ പങ്കെടുക്കാൻ വിവിധ സംസഥാനങ്ങളിൽ നിന്നും കര്‍ഷകരും തൊഴിലാളികളും ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിയിരുന്നു. നവംബര്‍ മാസത്തിൽ രാജ്യത്തെ ഒമ്പത് കേന്ദ്രങ്ങളിൽ നിന്നും ഡല്‍ഹിയിലേക്ക് എത്തുന്ന ലോംഗ് മാര്‍ച്ചിന് മുന്നോടിയാണ് ഇന്നത്തെ മാര്‍ച്ച്.


അഖിലേന്ത്യ കിസാന്‍ സഭ, സി.ഐ.ടി.യു, എ.ഐ.എ.ഡബ്ല്യൂ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് രാവിലെ ആരംഭിക്കുന്ന റാലി 10 മണിയോടെ പാര്‍ലമെന്റ് സ്ട്രീറ്റിലെത്തും. തുടര്‍ന്ന് റാലിയെ വിവിധ സംഘടനകളുടെ നേതാക്കള്‍ അഭിസംബോധന ചെയ്യുമെന്നും സി.എ.ടി.യു പ്രസിഡന്റ് കെ. ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ലെ, ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല എന്നിവര്‍ ചൊവ്വാഴ്ച ഡല്‍ഹിയില്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.