ചെന്നൈ: മരണ ശേഷവും പോരാട്ടം തുടര്‍ന്ന് കരുണാനിധി. പോരാട്ടങ്ങളെ രാഷ്ട്രീയജീവിതത്തിലെ നാഴികക്കല്ലുകളാക്കിയ കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലത്തിനുവേണ്ടിയും പോരാട്ടം നടത്തേണ്ടിവന്നുവെന്നത് ഇനി ചരിത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പൊരുതി നേടിയ അന്ത്യവിശ്രമ സ്ഥലത്ത് കരുണാനിധിയുടെ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനുള്ള തയ്യാറെടുപ്പിനായി ഡിഎംകെ നേതാക്കള്‍ മറീന ബീച്ചിലെത്തി.   


കോടതി വിധി വന്ന് അല്‍പ്പസമത്തിനകം തന്നെ ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുകന്‍, പൊന്‍മുടി, ഇവി വേലു എന്നിവരാണ് ഇപ്പോള്‍ മറീന ബീച്ചിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.


പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അന്ത്യവിശ്രമം സ്ഥലം ഒരുക്കുന്നതിനായി ഇഷ്ടിക, സിമന്‍റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രഹികള്‍ ഇവിടേക്ക് കൊണ്ടുവരികയാണ്. നിര്‍മാണ തൊഴിലാളികളെയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.


സംസ്‌കാരചടങ്ങുകള്‍ക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് മറീന ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. 


മറീന ബീച്ചിലെ അണ്ണാ സ്മാരകത്തോടുചേര്‍ന്ന് കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് സംസ്ഥാനസര്‍ക്കാരിന്‍റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ്. മൂന്ന് മുന്‍മുഖ്യമന്ത്രിമാരെ അടക്കം ചെയ്ത സ്ഥലത്ത് കരുണാനിധിയെ മാറ്റിനിര്‍ത്തേണ്ട കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെ അണ്ണാവിന്‍ അരികില്‍ ആറടി മണ്ണ് എന്ന അണ്ണാദുരൈയുടെ അരുമശിഷ്യനായ മുത്തുവേല്‍ കരുണാനിധിയുടെ അന്ത്യാഭിലാഷം സഫലമായി.