ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ണാടക സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ആണ് ഈ സംഭവത്തെക്കുറിച്ചുള്ള സംസ്ഥാനത്തിന്‍റെ റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദ്ദേശം മന്ത്രാലയത്തിന് നല്‍കിയത്. 


ചൊവ്വാഴ്ച രാത്രിയാണ് ബെംഗളൂരുവിലെ വസതിയില്‍വച്ച്‌ ഗൗരി ലങ്കേഷിനെ അജ്ഞാതന്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജ രാജേശ്വരി നഗറിലെ വീട്ടില്‍ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. സംഭവസ്ഥലത്തു തന്നെ ഗൗരി കൊല്ലപ്പെടുകയും ചെയ്തു. ഇതിനിടയില്‍ ഗൗരി ലങ്കേഷിന്‍റെ കൊലപാതകിയെ ഉടന്‍പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.  എന്നാല്‍ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് മരിച്ച ഗൗരി ലങ്കേഷിന്‍റെ സഹോദരന്‍ ഇന്ദ്രജിത് ലങ്കേഷ് അടക്കമുള്ള ബന്ധുക്കളുടെ ആവശ്യം.