ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെൻറ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി.  രാജ്യത്തിന്റെ അഖണ്ഡത തകർക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ തുടരുന്നതാണ് നിരോധനം നീട്ടാനുള്ള കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2014 ഫെബ്രുവരി 1 മുതൽ 5 വർഷത്തേക്കുള്ള നിരോധനം ഇന്നലെ അവസാനിച്ചിരുന്നു. ഈ  സാഹചര്യത്തിലാണ് നിരോധനം വീണ്ടും നീട്ടിയത്. സിമിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ ചിതറിപ്പോയ സംഘടനയിലെ അംഗങ്ങൾ രാജ്യത്തിനു ഭീഷണിയായി ഒത്തുചേരുമെന്നും മന്ത്രാലയം നിരീക്ഷിക്കുന്നു. 


ജമാഅത്ത് ഇസ്‌ലാമിയുടെ യുവജനവിഭാഗമായി 1977 ലാണ് സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) ആരംഭിച്ചത്. പിന്നീട് ജമാഅത്ത് ഇസ്‌ലാമി സിമിയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു.


2001 സെപ്‌റ്റംബറിലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിച്ചത്. 2003, 06, 08, 14 വർഷങ്ങളിൽ ഇത് പുതുക്കിയിരുന്നു. 2017 ലെ ഗയ സ്ഫോടനം, 2014 ലെ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയുൾപ്പെടെ സിമിയിലെ അംഗങ്ങൾ ഉൾപ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.