പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനായി `സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബുകൾ` സ്ഥാപിക്കുമെന്ന് Central Government
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് ഉപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി
ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് മാത്രമായി രാജ്യത്ത് 75 സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഹബുകൾ (Science, Technology and Innovation hub) സ്ഥാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. പട്ടികജാതി-പട്ടികവർഗ (SC/ST) വിഭാഗങ്ങളുടെ ശാസ്‌ത്രസംബന്ധിയായ കഴിവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല, സാമൂഹിക-സാമ്പത്തിക വികസനത്തിനും ഇത് ഉപകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ശാസ്ത്ര-സാങ്കേതിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 20 എസ്‌ടിഐ ഹബുകൾ ഇതിനകം ഡിഎസ്ടി സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. എസ് സി വിഭാഗത്തിന് 13ഉം എസ്ടി വിഭാഗത്തിന് ഏഴും ഹബുകളാണ് സ്ഥാപിച്ചത്. എസ്ടിഐ ഹബുകൾ വഴി പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കാനാകും. ഇതിലൂടെ അവരെക്കൂടി ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കും.
എസ്ടിഐ ഹബ്ബുകൾക്ക് പ്രധാനമായും മൂന്ന് തലത്തിലുള്ള ലക്ഷ്യങ്ങളാണ് ഉള്ളത്. ശാസ്ത്ര-സാങ്കേതിക ഇടപെടലുകളിലൂടെ പ്രധാന ഉപജീവന സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് ഒന്നാമത്തെ ലക്ഷ്യം. ഉപജീവന സംവിധാനങ്ങളിലെ ശേഷി അടിസ്ഥാനമാക്കി സാമൂഹിക സംരംഭങ്ങൾ സൃഷ്ടിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിന് തദ്ദേശീയ വിജ്ഞാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് മൂന്നാമത്തെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...