Gujarat Election 2022 Results: ബിജെപിയുടെ കുതിപ്പിൽ വിമതരും പിന്നിലേക്ക്; വിമതർ മത്സരിച്ച മണ്ഡലങ്ങളിലും ബിജെപിക്ക് ലീഡ്
Gujarat Assembly Election Result 2022 Live update: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്ന വിമതരെ വരെ പിന്തള്ളിയാണ് ബിജെപി ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുന്നത്.
അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി ചരിത്ര വിജയം നേടുമെന്നാണ് ആദ്യഫല സൂചനകൾ വ്യക്തമാക്കുന്നത്. വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറുകളിൽ തന്നെ വ്യക്തമായ ലീഡുമായാണ് ബിജെപിയുടെ മുന്നേറ്റം. കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ഗുജറാത്തിൽ ബിജെപിയുടെ അപരാജിത കുതിപ്പ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്ന വിമതരെ വരെ പിന്തള്ളിയാണ് ബിജെപി ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിക്കുന്നത്. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോൾ തന്നെ ഗുജറാത്തില്‍ വിമതര്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപി ലീഡ് ചെയ്യുകയാണ്.
ഗുജറാത്തില്‍ നിലവില്‍ 153 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 17 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി എട്ട് സീറ്റുകളിലും മറ്റുള്ളവർ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് നില നിലനിർത്തി ബിജെപി ഗുജറാത്തിൽ വീണ്ടും വിജയത്തിലേക്ക് എത്തിയാല്‍ പശ്ചിമ ബംഗാളിലെ ഇടത് മുന്നണിയുടെ നേട്ടത്തിന് തുല്യമായി ഗുജറാത്തിൽ ബിജെപിയെത്തും. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിലെത്തിയ പാര്‍ട്ടി എന്ന നേട്ടമാണ് ബിജെപിയെ കാത്തിരിക്കുന്നത്.
ALSO READ: Gujarat Election Results 2022: ഗുജറാത്തില്‍ കരുത്തുകാട്ടി BJP, 130 ലധികം സീറ്റുകളില്‍ ലീഡ്
ഗുജറാത്തിലെ തെരഞ്ഞെടുപ്പുകളിൽ വിമത സ്ഥാനാർത്ഥികളുടെ വിജയം കുറവായിരുന്നു. കേന്ദ്ര നേതാക്കളും ആഭ്യന്തര മന്ത്രി അമിത് ഷായും ഗാന്ധിനഗറിൽ യോഗങ്ങൾ ചേർന്ന് വിമതരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇതൊന്നും തന്നെ വിജയം കണ്ടിരുന്നില്ല. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ 12 സീറ്റുകളിലാണ് വിമതർ മത്സരിക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിൻറെ മന്ത്രിസഭയിലെ അഞ്ച് മന്ത്രിമാർക്കും നിയമസഭാ സ്പീക്കർ നിമാബെൻ ആചാര്യയ്ക്കും ഉൾപ്പെടെ 42 സിറ്റിംഗ് ബിജെപി എംഎൽഎമാർക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചിരുന്നു.
ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഒരു ഡസനിലധികം മുൻ കോൺഗ്രസുകാർ ഉൾപ്പെട്ടുവെന്നതും വിമതരെ ചൊടിപ്പിച്ചിരുന്നു. സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി ടിക്കറ്റ് നൽകാത്തതത് സൂറത്തിലെ ഗാന്ധി നഗറിലും ചോറിസായി മണ്ഡലത്തിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിമത ബിജെപി നേതാക്കളിൽ ആറ് തവണ വഗോഡിയ എംഎൽഎയായ മധു ശ്രീവാസ്തവയും. നന്ദോഡ് (എസ്ടി) സീറ്റിൽ മത്സരിക്കുന്ന ആദിവാസി നേതാവ് ഹർഷദ് വാസവയും ഉൾപ്പെടുന്നു. വാസവ ഇവിടെ നിന്ന് രണ്ട് തവണ എംഎൽഎയായിട്ടുണ്ട്.
ബറോഡ ഡയറിയുടെ ചെയർമാൻ ദിനേഷ് പട്ടേൽ പദ്രയിൽ നിന്ന് സ്വതന്ത്രനായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. തന്റെ എതിരാളിയായ പദ്ര മുനിസിപ്പാലിറ്റി കോർപ്പറേറ്റർ ചൈതന്യ സിംഗ് സാലയെ ബിജെപി തിരഞ്ഞെടുത്തതിൽ താൻ അസ്വസ്ഥനാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ വിമതനീക്കങ്ങൾ ബിജെപിക്ക് തിരിച്ചടിയായേക്കുമെന്ന തരത്തിലുണ്ടായിരുന്ന വിലയിരുത്തലുകൾ എല്ലാം അപ്രസക്തമാക്കുന്ന വിധത്തിലാണ് നിലവിൽ ഫലങ്ങൾ പുറത്ത് വരുന്നത്. വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എന്നതിലുപരി ഏകപക്ഷീയമായ വിജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. ആം ആദ്മി പാർട്ടിക്ക് ഉണ്ടാക്കാൻ കഴിയുന്ന നേട്ടം പോലും കോൺഗ്രസിനുണ്ടാക്കാൻ സാധിക്കുന്നില്ലെന്നാണ് ഗുജറാത്തിലെ ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...